കോട്ടയം: റബ്ബര്‍ വിലസ്ഥിരതാ പദ്ധതി തുടരുമെന്ന് ബജറ്റിന് മുന്നോടിയായി ധനമന്ത്രി പ്രഖ്യാപിച്ചെങ്കിലും നിലവിലെ ന്യൂനതകള്‍ പരിഹരിക്കണമെന്ന ആവശ്യമാണ് റബ്ബര്‍ കര്‍ഷകരില്‍ നിന്ന് ഉയരുന്നത്. ആവര്‍ത്തന കൃഷിക്കുള്ള സബ്‌സിഡി വര്‍ദ്ധനവും, അവധിവ്യാപാര നിയന്ത്രണവും ഉള്‍പ്പടെ ബജറ്റില്‍ റബ്ബര്‍ കര്‍ഷകര്‍ പ്രതീക്ഷിക്കുന്ന പദ്ധതികള്‍ ഏറെയാണ്.

നിലവില്‍ റബ്ബര്‍ ബോര്‍ഡിന്റെ പരിഗണനയ്‌ക്കെത്തിയ 570 കോടി രൂപയുടെ കര്‍ഷകരുടെ ബില്ലുകളില്‍ 520 കോടിയുടെ ബില്ലും റബ്ബര്‍ വിലസ്ഥിരതാ ഫണ്ടില്‍ നിന്ന് പാസ്സാക്കി കഴിഞ്ഞു. 487 കോടി വിതരണം ചെയ്തു. ബജറ്റില്‍ കൂടുതല്‍ തുക വകയിരുത്തിയാലേ പദ്ധതി ഇനി തുടരാനാകൂ. രണ്ട് ഹെക്ടറില്‍ താഴെ കൃഷി ചെയ്യുന്ന പത്ത് ലക്ഷത്തോളം വരുന്ന കര്‍ഷകരില്‍ മൂന്നര ലക്ഷം പേര്‍ മാത്രമാണ് പദ്ധതിയുടെ ഗുണഭോക്താക്കളായുള്ളത്. ബാക്കി കര്‍ഷകരെ പദ്ധതില്‍ ഉള്‍കൊള്ളിക്കാനുള്ള നടപടികള്‍ കര്‍ഷക സമൂഹം ബജറ്റില്‍ പ്രതീക്ഷിക്കുന്നു.

ആവര്‍ത്തന കൃഷിക്ക് നിലവിലുള്ള സബ്‌സിഡിയായ 25000 രൂപ ഫണ്ടില്ലാത്തതിനാല്‍ റബ്ബര്‍ ബോര്‍ഡ് നല്‍കുന്നില്ല. ആവര്‍ത്തന കൃഷിക്കും പുതുതായി കൃഷി തുടങ്ങാനും ഹെക്ടറിന് 125000 രൂപയെങ്കിലും സബ്‌സിഡി കിട്ടണമെന്നാണ് കര്‍ഷകരുടെ ആവശ്യം.