39 മാസത്തെ താഴ്ന്ന നിരക്കില്‍നിന്നാണ് രൂപ തിരിച്ചു കയറിയത്. റിസര്‍വ് ബാങ്കിന്റെ ശക്തമായ ഇടപെടലിനെ തുടര്‍ന്നാണിത്. രൂപ 70ലേക്ക് താഴാതിരിക്കാന്‍ 500 മില്യണ്‍ ഡോളര്‍ ആസ്തി റിസര്‍വ് ബാങ്ക് വിറ്റഴിച്ചതായാണ് റിപ്പോര്‍ട്ട്. 

കഴിഞ്ഞ ദിവസം രൂപ മൂന്നേ കാല്‍ വര്‍ഷത്തിലെ താഴ്ന്ന നിരക്കായ 68 രൂപ 80 പൈസയിലേക്ക് പതിച്ചിരുന്നു. 2013 ഓഗസ്റ്റ് എട്ടിനു ശേഷമുള്ള പതനമായിരുന്നു ഇത്. അന്ന് 68 രൂപ 86 പൈസയായിരുന്നു രൂപയുടെ വിനിമയ മൂല്യം.

നവംബര്‍ എട്ടിന് ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്ന് രാജ്യത്തെ വ്യാപാരത്തിലുണ്ടായ ഇടിവാണ് രൂപയെ തളര്‍ത്തുന്നത്. വിപണിയില്‍ പ്രതിസന്ധി രൂപപ്പെട്ട സാഹചര്യത്തില്‍ വിദേശ നിക്ഷേപകര്‍ ഇന്ത്യയിലെ നിക്ഷേപം പിന്‍വലിക്കുകയാണ്. ആഗോള വിപണിയില്‍ ഡോളര്‍ ശക്തി പ്രാപിക്കുന്നതും രൂപയെ പ്രതിസന്ധിയിലാഴ്ത്തുന്നു.