റിയാദ്: സൗദിയില്‍ വിദേശ നിക്ഷേപത്തിനുള്ള നടപടിക്രമങ്ങള്‍ കൂടുതല്‍ സുതാര്യമാക്കി. അപേക്ഷ സമര്‍പ്പിച്ചു നാല് മണിക്കൂറിനുള്ളില്‍ ലൈസന്‍സ് അനുവദിക്കുമെന്ന് വിദേശ നിക്ഷേപ ലൈസന്‍സ് അനുവദിക്കുന്ന സൗദി ജനറല്‍ ഇന്‍വെസ്റ്റ്‌മെന്‍റ് അതോറിറ്റി അറിയിച്ചു. വിദേശികള്‍ക്ക് ഇന്‍വെസ്റ്റ്‌മെന്‍റ് ലൈസന്‍സ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ കൂടുതല്‍ സുതാര്യമാക്കിയതായി സൗദി ജനറല്‍ ഇന്‍വെസ്റ്റ്‌മെന്‍റ് അതോറിറ്റി അറിയിച്ചു. 

അതോറിറ്റിയില്‍ അപേക്ഷ സമര്‍പ്പിച്ച്‌ നാല് മണിക്കൂറിനുള്ളില്‍ നിക്ഷേപകര്‍ക്ക് ലൈസന്‍സ് അനുവദിക്കുമെന്ന് സാജിയ സര്‍വീസ് ആന്‍ഡ് കണ്‍സള്‍ട്ടന്സി ഡെപ്യൂട്ടി ഗവര്‍ണര്‍ ഇബ്രാഹിം അല്‍ സുവായില്‍ അറിയിച്ചു. നേരത്തെ ഇത് അമ്പത്തിമൂന്നു മണിക്കൂര്‍ ആയിരുന്നു. നടപടിക്രമങ്ങങ്ങളില്‍ മാറ്റം കൊണ്ടുവന്നും, ആവശ്യമായ രേഖകളുടെ എണ്ണത്തില്‍ കുറവ് വരുത്തിയും, ജീവനക്കാര്‍ക്ക് പരിശീലനം നല്‍കിയുമാണ് ഇത് സാധിച്ചതെന്ന് ഇബ്രാഹിം പറഞ്ഞു. 

നേരത്തെ എട്ടു രേഖകള്‍ ആവശ്യമായ സ്ഥാനത്ത് ഇപ്പോള്‍ രണ്ടു രേഖകള്‍ മാത്രം സമര്‍പ്പിച്ചാല്‍ മതി. സാമ്പത്തിക റിപ്പോര്‍ട്ടും, അതാത് രാജ്യത്തെ സൗദി എംബസി അറ്റസ്റ്റ് ചെയ്ത കൊമ്മെഴ്സ്യല്‍ റെജിസ്റ്റരേഷനും മാത്രം ഉണ്ടായാല്‍ ലൈസന്‍സ് അനുവദിക്കും. ലൈസന്‍സ് സാജിയ വെബ്സൈറ്റ് വഴി നിക്ഷേപകര്‍ക്ക് തന്നെ പുതുക്കാനാകും. കൂടുതല്‍ വിദേശ നിക്ഷേപകരെ രാജ്യത്തേക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടിക്രമങ്ങള്‍ സുതാര്യമാക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ചകളില്‍ മാത്രം പതിനേഴു ലൈസന്‍സുകള്‍ സാജിയ അനുവദിച്ചു.