അസാധുവാക്കിയതില്‍ രണ്ടര ലക്ഷം കോടി രൂപയുടെ നോട്ടുകള്‍ ഇനി ബാങ്കുകളിലേക്ക് തിരിച്ചെത്താന്‍ പോകുന്നില്ലെന്ന് എസ്ബിഐ സര്‍ക്കാരിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. വടക്കേ ഇന്ത്യയിലെ ബാങ്കുകളിലെ പണദൗര്‍ലഭ്യവും തിരക്കും തുടരുകയാണ്. ആദായ നികുതി ഭേദഗതി ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കുമ്പോള്‍ എതിര്‍ക്കാന്‍ പ്രതിപക്ഷം തീരുമാനിച്ചു.

നവംബര്‍ എട്ടിന് ആകെ 14.8 ലക്ഷം കോടി രൂപയുടെ 500,1000 രൂപ നോട്ടുകള്‍ പ്രചാരത്തിലുണ്ടായിരുന്നതായാണ് റിസര്‍വ്വ് ബാങ്ക് ഇന്ത്യയുടെ കണക്ക്. കഴിഞ്ഞ ദിവസം വരെ ആകെ 9.56 ലക്ഷം കോടി രൂലയുടെ നോട്ടുകള്‍ ബാങ്കുകളില്‍ നിക്ഷേപിക്കുകയോ മാറ്റി വാങ്കുകയോ ചെയ്തു. നോട്ടുകള്‍ മാറ്റാനുള്ള അവസരം പൂര്‍ണ്ണമായും അവസാനിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന അടുത്തവര്‍ഷം മാര്‍ച്ചിനു ശേഷം രണ്ടര ലക്ഷം കോടി രൂപയുടെ പഴയ നോട്ടുകള്‍ തിരിച്ചെത്താനിടയില്ലെന്ന റിപ്പോര്‍ട്ടാണ് എസ്ബിഐ നല്‍കിയിരിക്കുന്നത്. 3 ലക്ഷം കോടിയെന്നായിരുന്നു പഴയ കണക്കെങ്കിലും സര്‍ക്കാര്‍ സ്വത്ത് വെളിപ്പെടുത്താന്‍ നല്‍കിയ അവസാന അവസം കുറച്ചു കൂടി പണം ബാങ്കിലെത്താന്‍ ഇടയാക്കും എന്ന് എസ്ബിഐ വിലിയിരുത്തുന്നു. ബാങ്കുകളിലെ പണലഭ്യത രണ്ടിരട്ടിയാക്കിയെന്ന് ധനമന്ത്രാലയം വ്യക്തമാക്കിയെങ്കിലും ശമ്പളദിനം കഴിഞ്ഞുള്ള ആദ്യ ശനിയാഴ്ച പോലും എല്ലാ ബാങ്കുകളിലും നീണ്ട ക്യൂവാണ്. പുനര്‍ക്രമീകരിച്ച എടിഎമ്മുകളിലും ആവശ്യത്തിന് പണം നിറയ്‌ക്കാന്‍ ബാങ്കുകള്‍ക്ക് ആയിട്ടില്ല.

പല സംസ്ഥാനങ്ങളിലും ടോള്‍ബൂത്തുകളിലും വാഹനങ്ങളുടെ നീണ്ട നിരയാണ്. ലോക്‌സഭ പാസ്സാക്കിയ ആദായ നികുതി ഭേദഗതി ബില്‍ തിങ്കളാഴ്ച രാജ്യസഭയില്‍ കൊണ്ടുവരും. പണബില്ലായി ഇതു കൊണ്ടുവന്നതിനെ ചോദ്യം ചെയ്യാനും അവതരണം എതിര്‍ക്കാനും പ്രതിപക്ഷം തീരുമാനിച്ചിട്ടുണ്ട്. രാജ്യസഭ പാസ്സാക്കിയില്ലെങ്കിലും പണബില്ലായതിനാല്‍ ഇത് നിയമമാകും.