മുംബൈ: വ്യാപകമായ പ്രതിഷേധത്തിനു പിന്നാലെ അക്കൗണ്ടിലെ മിനിമം ബാലന്‍സ് പരിധി എസ്ബിഐ പുനഃപരിശോധിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. അക്കൗണ്ടില്‍ നിലനിര്‍ത്തേണ്ട കുറഞ്ഞ തുക 1000 രൂപയാക്കാന്‍ എസ്ബിഐ ആലോചിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, ഇതു സംബന്ധിച്ച് എസ്ബിഐയുടെ ഔദ്യോഗികമായ വിശദീകരണം ലഭിച്ചിട്ടില്ല.
മാസത്തില്‍ ശരാശരി മിനിമം ബാലന്‍സ് തുക നിലനിര്‍ത്തണമെന്നായിരുന്നു ബാങ്കിന്റെ നിര്‍ദേശം. ഇത് മൂന്നുമാസ കാലാവധിയുമാക്കിയേക്കും. ശരാശരി മിനിമം ബാലന്‍സ് ഇല്ലാത്തിന്റെ പേരില്‍ 2017 ഏപ്രില്‍ മുതല്‍ നവംബര്‍ വരെ മൊത്തം 1,772 കോടി രൂപ എസ്ബിഐ പിഴ ഈടാക്കിയത് സംബന്ധിച്ച വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. കഴിഞ്ഞ ജൂണിലാണ് 5000 രൂപ മിനിമം ബാലന്‍സായി എസ്ബിഐ നിശ്ചയിച്ചത്.
പിന്നീട്, മെട്രോ നഗരങ്ങളില്‍ 3,000വും നഗരങ്ങളില്‍ 2000 രൂപയും ഗ്രാമീണ മേഖലയില്‍ 1000 രൂപയുമായി ഇത് കുറച്ചിരുന്നു. 25 രൂപ മുതല്‍ 100 രൂപവരെയാണ് പിഴ ഈടാക്കിയിരുന്നത്. ഇത് 20 രൂപ മുതല്‍ 50 രൂപവരെയാക്കി കുറയ്ക്കുകയും ചെയ്തിരുന്നു. വലിയ പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് ഇന്ത്യയിലെ വലിയ പൊതുബാങ്കായ എസ്ബിഐ നിരക്കുകളില്‍ മാറ്റം വരുത്തിയത്. എസ്.ബി.ഐ, ബേസിക് സേവിങ്‌സ് അക്കൗണ്ടുകളെയും പെന്‍ഷന്‍, ജന്‍ധന്‍ അക്കൗണ്ടുകളെയും മിനിമം ബാലന്‍സ് നിബന്ധനയില്‍ നിന്നും ഒഴിവാക്കിയിരുന്നു.
