ദില്ലി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വീണ്ടും ഭവന വായ്പ പലിശ നിരക്ക് കുറച്ചു. കാല്‍ ശതമാനം ഇളവാണ് പലിശ നിരക്കില്‍ വരുത്തിയത്. 8.35 ശതമാനമാണ് പുതിയ നിരക്ക്.
മുപ്പത് ലക്ഷം രൂപയുള്ള വായ്പകള്‍ക്ക് ഇളവ് കിട്ടും. മുപ്പത് ലക്ഷത്തിനുമേലുളള വായ്പകള്‍ക്ക് പോയിന്റ് ഒരു ശതമാനം നിരക്ക് കുറയും. പുതിയ നിരക്ക് നാളെ മുതല്‍ നിലവില്‍ വരും. പലിശ കുറയുന്നതോടെ പ്രതിമാസ വായ്പ തിരിച്ചടവില്‍ 530 രൂപ വരെ കുറയുമെന്ന് എസ്ബിഐ അറിയിച്ചു.
പുതിയ നിരക്ക് പ്രഖ്യാപിച്ചതോടെ രാജ്യത്തെ ഏറ്റവും കുറഞ്ഞ ഭവനവായ്പ നിരക്ക് എസ്.ബി.ഐയുടേതാകും. പ്രധാനമന്ത്രി പ്രഖ്യാപിച്ച 2022 ല്‍ എല്ലാവര്‍ക്കും ഭവനം എന്ന പദ്ധതി സാക്ഷാത്കരിക്കാനാണ് നിരക്ക് കുറച്ചതെന്ന് എസ്.ബി.ഐ വ്യക്തമാക്കി.
