ദില്ലി: റെയില്‍വെ ബജറ്റ് പരാജയപ്പെട്ട പരീക്ഷണമാണെന്നും റെയില്‍വേയ്ക്കായി പ്രത്യേക ബജറ്റ് അവതരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും നീതി ആയോഗിന്റെ നിര്‍ദ്ദേശം. കേവലം പുതിയ പ്രഖ്യാപനങ്ങള്‍ക്കായി മാത്രം റെയില്‍ ബജറ്റ് മാറുന്നുവെന്നും പൊതു ബജറ്റുമായി ഇതിനെ സംയോജിപ്പിക്കണമെന്നുമാണു പ്രധാനമന്ത്രിക്കു നീതി ആയോഗിന്റെ ശുപാര്‍ശ.

റെയില്‍ ബജറ്റ് ആവശ്യമാണോ എന്നത് സംബന്ധിച്ചും റിപ്പോര്‍ട്ട് നല്‍കാന്‍ നീതി ആയോഗിനോടു പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു. ബ്രട്ടീഷ് രീതി പിന്തുടര്‍ന്നുകൊണ്ടുള്ള റെയില്‍ ബജറ്റ് അനാവശ്യമെന്നാണ് ഇതേപ്പറ്റി പഠിച്ച നീതി ആയോഗ് പ്രത്യേക സമിതി ശുപാര്‍ശ ചെയ്തിരിക്കുന്നത്. സാമ്പത്തിക വിദഗ്ദ്ധരായ വിവേക് ദിബ്രോയ്, കിഷോര്‍ ദേശായി എന്നിവരാണു റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

ഭരണഘടന അനുസരിച്ച് റെയില്‍ ബജറ്റ് അവതരിപ്പിക്കുക എന്നതു നിര്‍ബന്ധിതമല്ലെന്നും റെയില്‍വെയുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാതെ ബജറ്റ് കേവലം പ്രഖ്യാപനങ്ങള്‍ക്കു മാത്രം പ്രാധാന്യം നല്‍കുന്നുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടികാട്ടുന്നു. റെയില്‍വെയുടെ വാര്‍ഷിക റിപ്പോര്‍ട്ടും, വാര്‍ഷിക പദ്ധതികളും, നയ പ്രഖ്യാപനവും എല്ലാം പൊതു ബജറ്റില്‍ ഉള്‍ക്കൊള്ളിക്കാവുന്നതാണെന്നും നിര്‍ദ്ദേശമുണ്ട്. ധന കാര്യ മന്ത്രാലയവുമായും റെയില്‍വെ ബോര്‍ഡുമായും റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്തതിനു ശേഷമാകും കേന്ദ്ര സര്‍ക്കാര്‍ അന്തിമ തീരുമാനം കൈകൊള്ളുക.

റെയില്‍ ബജറ്റ് നിര്‍ത്തലാക്കുന്നതില്‍ റെയില്‍ മന്ത്രാലയത്തില്‍ ഉന്നത ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും എതിര്‍പ്പു ശക്തമാണ്. റെയില്‍വെ മേഖലയുടെ പരിഷ്‌ക്കരണം സംബന്ധിച്ച് വിവേക് ദിബ്രോയ് സമിതി കേന്ദ്ര സര്‍ക്കാരിനു നല്‍കിയ മറ്റൊരു റിപ്പോര്‍ട്ടിലും റെയില്‍ ബജറ്റ് അനാവശ്യമെന്ന് ചൂണ്ടികാട്ടിയിരുന്നു.