മിസ്ത്രി ബോര്‍ഡ് അംഗങ്ങള്‍ക്ക് അയച്ച കത്തില്‍ ടാറ്റാ ഗ്രൂപ്പിന്റെ അടിത്തറ ഇളകിയെന്നാണ് സൂചന നല്‍കുന്നത്. ടാറ്റാ മോട്ടോര്‍ കാര്‍സിന്റെ പാസഞ്ചര്‍ കാര്‍ വിഭാഗം, ടാറ്റാ ഗ്രൂപ്പിന്റെ യു.കെ ബിസിനസ്, ഇന്ത്യന്‍ ഹോട്ടല്‍സ്, വ്യോമയാന രംഗം എന്നിവ തിരിച്ചു വരാനാവാത്ത വിധം നഷ്ടത്തിലാണെന്ന് കത്തില്‍ പറയുന്നു. രത്തന്‍ ടാറ്റയുടെ താല്‍പ്പര്യം ഒന്നു കൊണ്ടു മാത്രമാണ് വിമാന കമ്പനി വീണ്ടും തുടങ്ങിയത്. സിംഗപ്പൂര്‍ ആസ്ഥാനമായ കമ്പനികളില്‍ നടത്തിയ നിക്ഷേപം നിയമവിരുദ്ധമാണെന്നും കത്തില്‍ മിസ്ത്രി ആരോപിക്കുന്നു. നഷ്ടം സഹിച്ച് നാനോ കാര്‍ കൊണ്ടു നടക്കുന്നതിലുള്ള ബുദ്ധിമുട്ടും കത്തില്‍ മിസ്ത്രി വിശദീകരിക്കുന്നു. 

മിസ്ത്രിയുടെ കത്തിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സെക്യൂരിറ്റി എക്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) അന്വേഷണത്തിന് ഉത്തരവിട്ടത്. ടാറ്റാ ഗ്രാൂപ്പില്‍ കഴിഞ്ഞ കാലങ്ങളില്‍ നടന്ന ഇടപാടുകളാണ് അന്വേഷിക്കുന്നത്. മിസ്ത്രിയുടെ ആരോപണം അനുസരിച്ച്, ഒരു കോടി 18 ലക്ഷം രൂപയുടെ നഷ്ടമാണ് ടാറ്റാ ഗ്രൂപ്പിന് സംഭവിക്കാന്‍ പോവുന്നത്. കത്തിന് രത്തന്‍ ടാറ്റ മറുപടി നല്‍കണമെന്ന ആവശ്യവും ഓഹരി ഉടമകള്‍ക്കിടയില്‍ ഉയര്‍ന്നിട്ടുണ്ട്. മിസ്ത്രിയെ മാറ്റി രണ്ടു ദിവസത്തിനകം ഇരുപതിനായിരം കോടി രൂപയുടെ നഷ്ടമാണ് ടാറ്റാ ഓഹരികള്‍ക്ക് ഉണ്ടായിരിക്കുന്നത്.