ഓഹരികള്‍ വില്‍ക്കാനും വാങ്ങാനുമായി നിരവധി മൊബൈല്‍ ആപ്പുകള്‍ സൈബര്‍ ലോകത്ത് ഇന്ന് ലഭ്യമാണ്

ദില്ലി: ഓഹരി വിപണിയില്‍ ഇടപാടുകള്‍ മൊബൈലിലൂടെ നടത്തുന്നവര്‍ ദിനംപ്രതി കൂടിവരുന്ന സാഹചര്യത്തില്‍ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായി സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് (സെബി) എത്തുന്നു. ഓഹരികള്‍ വില്‍ക്കാനും വാങ്ങാനുമായി നിരവധി മൊബൈല്‍ ആപ്പുകള്‍ സൈബര്‍ ലോകത്ത് ഇന്ന് ലഭ്യമാണ്. 

ആപ്പുകള്‍ വര്‍ദ്ധിച്ചതോടെ ഓഹരി ഇടപാടുകളില്‍ കുറ്റകൃത്യങ്ങളും വര്‍ദ്ധിച്ചു. ഇതിനെതുടര്‍ന്നാണ് ഇത്തരം ആപ്പുകള്‍ക്ക് മൂക്കുകയറിടന്‍ സെബി പുതിയ നിയമങ്ങളുമായെത്തുന്നത്. ഇനി മുതല്‍ ഇത്തരം വ്യാപാരങ്ങള്‍ക്ക് ബയോമെട്രിക്ക് പരിശോധനകള്‍ കര്‍ശനമാകും. ആപ്പിലൂടെ വിപണിയിലേക്കിറങ്ങുന്ന വ്യാപാരികളുടെയും നിക്ഷേപകരുടെയും ആധികാരികത ഉറപ്പാക്കാനും വിപണിയെ സുരക്ഷിതമാക്കാനും ഈ നടപടി ഉപകരിക്കുമെന്ന് സെബി അറിയിച്ചു. 

സെബിയുടെ നിര്‍ദ്ദേശം നടപ്പില്‍ വരുമ്പോള്‍ ചെറുകിട ഉപഭോക്താക്കള്‍ ടച്ച് ഐഡിയുളള ഉയര്‍ന്ന വിലയുളള ഫോണുകള്‍ ഉപയോഗിക്കാന്‍ നിര്‍ബന്ധിതമാവും. വ്യാപാരത്തിലേര്‍പ്പെടാനും ഡിമാറ്റ് അക്കൗണ്ടുകളുപയോഗിക്കാനും ബയോമെട്രിക്ക് വിവരങ്ങള്‍ സേവനദാതാവിന് നല്‍കേണ്ടിയും വരും.