ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിന് ശേഷം വന്‍തുകയുടെ സംശയകരമായ ഇടപാടുകള്‍ നടത്തിയ 18 കമ്പനികള്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ അന്വേഷണം തുടങ്ങി. കമ്പനികളുടെ മറവില്‍ നടന്ന കള്ളപ്പണ വിനിമയം സംബന്ധിച്ച് സീരിയസ് ഫ്രേഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസാണ് (എസ്.എഫ്.ഐ.ഒ) അന്വേഷണം നടത്തുന്നത്.
ദീര്‍ഘനാളായി സാമ്പത്തിക ഇടപാടുകള്‍ നടത്താതിരുന്ന 2.24 ലക്ഷം കമ്പനികളുടെ രജിസ്‍ട്രേഷന്‍ അടുത്തിടെ കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. ഇതിന് പുറമെ മൂന്ന് ലക്ഷത്തോളം ഡയറക്ടര്‍മാരെയും സര്‍ക്കാര്‍ അയോഗ്യരാക്കി. ഇതിന് പിന്നാലൊണ് കമ്പനികളുടെ ഇടപാടുകള്‍ കേന്ദ്ര കോര്‍പറേറ്റ്കാര്യ മന്ത്രാലയം സൂക്ഷമമായി പരിശോധിക്കുന്നത്. നേരത്തെ അംഗീകാരം റദ്ദാക്കപ്പെട്ട കടലാസ് കമ്പനികളില്‍ ചിലത് സംശയകരമായ വലിയ സാമ്പത്തിക ഇടപാടുകള്‍ നടത്തിയതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇതില്‍ 17 കമ്പനികളെ ചുറ്റിപ്പറ്റിയാണ് അന്വേഷണം പുരോഗമിക്കുന്നത്. നോട്ട് നിരോധന സമയത്ത് ഏകദേശം 50,000ഓളം കടലാസ് കമ്പനികളുടെ പേരില്‍ 17,000 കോടി രൂപയോളം ബാങ്കുകളില്‍ നിക്ഷേപിക്കപ്പെട്ടുവെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കണ്ടെത്തിയത്.
