നമ്മുടെ നാട്ടില്‍ കേവലം ഒരു നിക്ഷേപം എന്നതിലപ്പുറം വേറെ പലതുമാണ് സ്വര്‍ണ്ണം. ആഘോഷങ്ങളിലും ആചാരങ്ങളിലും മുതല്‍ വിവാഹ ചടങ്ങുകളില്‍ വരെ സ്വര്‍ണത്തിന്റെ പങ്ക് അത്ര ചെറുതല്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഉത്സവ സീസണുകളില്‍ സ്വര്‍ണ്ണവും ഭൂമിയും വാഹനങ്ങളുമൊക്കെ വാങ്ങുന്നതിന് പ്രത്യേക ഐശ്വരും കല്‍പ്പിച്ച് നല്‍കപ്പെടാറുണ്ട്. ഉത്സവ സീസണുകള്‍ അടിസ്ഥാനമാക്കി വില വ്യത്യാസം പോലും ഉണ്ടാവുന്നുമുണ്ട്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ വിലയിലുണ്ടായ അസ്ഥിരത ഒഴിച്ചുനിര്‍ത്തിയാല്‍ എക്കാലവും സുരക്ഷിതമായി സൂക്ഷിക്കാവുന്ന ഒരു നിക്ഷേപമായി സ്വര്‍ണ്ണത്തെ പരിഗണിക്കാമെന്നതില്‍ തര്‍ക്കമില്ല.
നിക്ഷേപം എന്ന തരത്തില്‍ പരിഗണിക്കുമ്പോള്‍ സ്വര്‍ണ്ണം എത്രത്തോളം നല്ലൊരു തെരഞ്ഞെടുപ്പാണെന്ന് നോക്കാം
കഴിഞ്ഞ ആറ് വര്‍ഷത്തെ സ്വര്‍ണ്ണ വില പരിശോധിക്കുമ്പോള്‍ പവന് 19200 രൂപ മുതല്‍ 25216 രൂപ വരെയായിരുന്നു.
ഏകദേശ വില ഇങ്ങനെയായിരുന്നു
സെപ്തംബര്‍ 2012 - 25218
സെപ്തംബര്‍ 2013 - 22000
സെപ്തംബര്‍ 2014 - 19360
സെപ്തംബര്‍ 2015 - 19200
സെപ്തംബര്‍ 2016 - 22640
സെപ്തംബര്‍ 2017 - 21600
ഓഹരികള്‍ പോലെ വിപണി നിലവാരത്തിന്റെ സമ്മര്‍ദ്ദങ്ങളൊന്നുമില്ലാത്ത ഒരു നിക്ഷേപം എന്ന തരത്തിലാണ് സ്വര്‍ണ്ണം പരിഗണിക്കപ്പെടുന്നത്. രാജ്യത്തെ വിദേശ വിനിമയ കരുതല്‍ ധനമായി റിസര്‍വ് ബാങ്ക് സൂക്ഷിച്ചിരിക്കുന്നതും സ്വര്‍ണ്ണമാണെന്നുള്ളതാണ് രാജ്യത്ത് സുരക്ഷിത നിക്ഷേപമായി അത് കണക്കാക്കപ്പെടാന്‍ മറ്റൊരു കാരണം. എന്നാല്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഈ സുരക്ഷിതത്വത്തിന് അല്‍പ്പം ആശങ്കകള്‍ നേരിടേണ്ടി വന്നിട്ടുമുണ്ട്. വില നിലവാരത്തിലെ വലിയ അന്തരങ്ങള്‍ ചോദ്യചിഹ്നമായി മാറുന്നുണ്ട്. വലിയ വളര്‍ച്ചയുണ്ടാകുന്നില്ല എന്നുള്ളതാണ് ആശങ്കയ്ക്ക് അടിസ്ഥാനം. എന്നാല്‍ പ്രതികൂലമായൊരു സാമ്പത്തിക അവസ്ഥയിലേക്കുള്ള പ്രതിരോധമെന്ന നിലയില്‍ സ്വര്‍ണ്ണം കരുതിവെയ്ക്കാം. എന്നാല്‍ ആഭരണമായി സ്വര്‍ണ്ണം വാങ്ങുമ്പോള്‍ അതിന്റെ പണിക്കൂലി പ്രത്യേകം പരിഗണിക്കണം. സ്വര്‍ണ്ണം വില്‍ക്കുന്ന സമയത്ത് അത് ഒരു നഷ്ടമാകുമെന്നതിനാലാണത്. പിന്നെയൊരു കാലത്ത് ഇപ്പോഴത്തെ വിലയേക്കാള്‍ കൂടിയ വിലയ്ക്ക് വില്‍ക്കാന്‍ കഴിയുമെന്ന ധാരണയിലാണ് സ്വര്‍ണ്ണം വാങ്ങി സൂക്ഷിക്കുന്നതെങ്കില്‍ പണിക്കൂല വില്ലനാവുമെന്ന് പറയേണ്ടതില്ലല്ലോ. എന്നാല്‍ മാര്‍ക്കറ്റ് സമ്മര്‍ദ്ദങ്ങള്‍ ബാധിക്കാത്ത പ്രതിരോധമെന്ന കണക്കില്‍ അവിടെയും സ്വര്‍ണ്ണം പരിഗണിക്കപ്പെടും.
സ്വര്‍ണ്ണത്തില്‍ നിക്ഷേപിക്കാനുള്ള വഴികള്‍
ആഭരണങ്ങളായോ നാണയങ്ങളായോ ഒക്കെയാണ് സാധാരണ സ്വര്‍ണ്ണം വാങ്ങാറുള്ളതെങ്കിലും ഇപ്പോള്‍ സുരക്ഷിതമായ നിക്ഷേപമെന്ന കണക്കില്‍ സ്വര്‍ണ്ണം വാങ്ങാനുള്ള വഴിയാണ് എക്സ്‍ചേഞ്ച് ട്രേഡ് ഫണ്ടുകള്‍ (ഇ.ടി.എഫ്). യാഥാര്‍ത്ഥ സ്വര്‍ണ്ണം വാങ്ങുന്നതിന് പകരം എക്സ്‍ചേഞ്ച് ട്രേഡ് ഫണ്ടുകളില്‍ നിക്ഷേപിക്കാം. ഡീമാറ്റ് അക്കൗണ്ടുകള്‍ വഴി അതത് ദിവസത്തെ വില അനുസരിച്ച് സ്വര്‍ണ്ണം വാങ്ങി വെര്‍ച്വലായി സൂക്ഷിക്കാം. നിങ്ങളുടെ ഡിജിറ്റല്‍ അക്കൗണ്ടില്‍ മാത്രം സൂക്ഷിക്കപ്പെടുന്ന ഈ വെര്‍ച്വല്‍ സ്വര്‍ണ്ണം മോഷണം പോകുമെന്ന ഭയം വേണ്ട. വില കൂടുന്നത് അനുസരിച്ച് നിങ്ങള്‍ക്ക് ഓണ്‍ലൈനായി തന്നെ വില്‍ക്കുകയും ചെയ്യാമെന്നതാണ് ഇതിന്റെ സവിശേഷത.
കടപ്പാട് bankbazaar.com
