ചരക്ക് സേവന നികുതിയുടെ ഭാഹമായി ലോട്ടറിക്ക് ഇരട്ട നികുതി ഏര്‍പ്പെടുത്തിയത് സ്റ്റേ ചെയ്യാന്‍ സിക്കിം ഹൈക്കോടതി വിസമ്മതിച്ചു. സ്വകാര്യ ലോട്ടറി കമ്പനികളാണ് ഇത്തരമൊരു ആവശ്യവുമായി കോടതിയെ സമീപിച്ചത്. എന്നാല്‍ കമ്പനികളുടെ കമ്പനികളുടെ സ്റ്റേ ആവശ്യം ഇപ്പോള്‍ പരിഗണിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി അറിയിച്ചു.

ജി.എസ്.ടിയില്‍ 12 ശതമാനം, 18 ശതമാനം എന്നങ്ങനെ രണ്ട് തരം നികുതികളാണ് ലോട്ടറിക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനെതിരെ ഫ്യുചര്‍ സൊല്യൂഷന്‍സ് എന്ന കമ്പനി നല്‍കിയ ഹര്‍ജിയില്‍ ഒക്ടോബര്‍ 11ന് സിക്കിം ഹൈക്കോടതി അന്തിമ വാദം കേള്‍ക്കും. ഹര്‍ജിയില്‍ നിലപാട് അറിയിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സാവകാശം തേടിയിട്ടുണ്ട്. സംസ്ഥാന ലോട്ടറികള്‍ക്കും സ്വകാര്യ ലോട്ടറികള്‍ക്കും വ്യത്യസ്ഥ നികുതി ഏര്‍പ്പെടുത്തിയത് വിവേചനപരമെന്ന വാദം അംഗീകരിക്കാന്‍ കഴിയില്ലെന്ന് കേരളം വാദിച്ചു. അന്യസംസ്ഥാന ലോട്ടറികള്‍ക്ക് കേരളത്തിലുള്ള നിരോധനം ഇപ്പോഴും നിലനില്‍ക്കുന്നതായും കേരളം വാദിച്ചു.