ദില്ലി: ഇന്ത്യയിൽ നിന്ന് പുറത്തുപോകുന്ന കള്ളപ്പണം തിരികെ ഓഹരിയിൽ നിക്ഷേപിക്കുന്നത് തടയാൻ സിംഗപ്പൂര്‍, മൗറീഷ്യസ്, സൈപ്രസ് എന്നീ രാജ്യങ്ങളുമായി കരാര്‍ ഒപ്പുവെച്ചു. ബാങ്കുകളിലേക്ക് തിരിച്ചുവന്ന പണത്തിന്‍റെ കണക്ക് ഇപ്പോൾ പുറത്തുവിടില്ലെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി അറിയിച്ചു. ഡിജിറ്റൽ ഇടപാട് പ്രോത്സാഹിപ്പിക്കാനുള്ള ഭീം ആപ്പ് സര്‍ക്കാര്‍ പുറത്തിറക്കി.
ഇന്ത്യയിൽ നിന്ന് പുറത്തുപോകുന്ന കള്ളപ്പണം മൗറീഷ്യസ് സൈപ്രസ്, സിംഗപ്പൂര്‍, സൈപ്രസ് എന്നീ രാജ്യങ്ങൾ വഴിയാണ് പ്രധാനമായും തിരിച്ചെത്തുന്നത്. ഈ രാജ്യങ്ങളുമായി നേരത്തെ ഒപ്പുവെച്ച കരാറുകളിൽ മാറ്റം വരുത്തി ഓഹരി വിപണിയിലേക്ക് പണം വരുന്നതും തടഞ്ഞുവെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി അറിയിച്ചു. സിംഗപ്പൂരുമായുള്ള കരാറിന് ഇന്നാണ് അന്തിമ രൂപമായത്.
ബാങ്കുകളിൽ തിരിച്ചെത്തിയ പണത്തിന്‍റെ കണക്ക് കള്ളപ്പണം എത്രയെന്ന പരിശോധനക്ക് ശേഷമേ പുറത്തുവിടൂ എന്ന് ജയ്റ്റ്ലി അറിയിച്ചു. ബാങ്കിലെ തിരക്കിന്‍റെ പഴയ ദൃശ്യങ്ങൾ ഇനി മാധ്യമങ്ങൾ കാട്ടരുതെന്ന് ജയ്റ്റ്ലി ആവശ്യപ്പെട്ടു. ഡിജിറ്റൽ പണമിടപാടിനുള്ള മൊബൈൽ ആപ്പായ ഭീം ആപ്പ് ദില്ലിയിൽ പ്രധാനമന്ത്രി പുറത്തിറക്കി.
പണമിടപാടുകൾ എല്ലാം വിരൽതുമ്പുവഴി നടത്താവുന്ന സംവിധാനം രണ്ട് ആഴ്ചക്കുള്ളിൽ നിലവിൽ വരുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
