ദുരുപയോഗം തടയാനും അച്ഛന്റെ ഓര്‍മ്മയ്തക്കായി തനിക്ക് സൂക്ഷിക്കാനും യുനീക് ഐഡന്റിഫിക്കേഷന്‍ അതോരിറ്റി വിവരങ്ങള്‍ തിരികെ നല്‍കണം

ദില്ലി: ആധാര്‍ കാര്‍ഡിനായി ശേഖരിച്ച തന്റെ അച്ഛന്റെ ബയോമെട്രിക് വിവരങ്ങള്‍ തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. ബംഗളുരു സ്വദേശിയായ സന്തോഷ് എന്നയാളാണ് വിചിത്രമായ ഹര്‍ജിയുമായി ഇന്ന് ആധാര്‍ കേസുകള്‍ കേള്‍ക്കുന്ന സുപ്രീം കോടതി ബെഞ്ചിന് മുന്നിലെത്തിയത്.

തന്റെ പിതാവ് 2016 ഡിസംബര്‍ 31ന് മരണപ്പെട്ടുവെന്നും അച്ഛന്‍ ജീവിച്ചിരുന്നപ്പോള്‍ ആധാര്‍ കാര്‍ഡിനായി നല്‍കിയ വിരലടയാളവും കണ്ണിന്റെ ചിത്രവും അടക്കമുള്ള വിവരങ്ങള്‍ തിരികെ നല്‍കണമെന്നുമാണ് സന്തോഷ് വാദിച്ചത്. അച്ചന്‍ മരിച്ചത് കൊണ്ട് ഇനി അവ ഉപയോഗ ശൂന്യമാണ്. ദുരുപയോഗം തടയാനും അച്ഛന്റെ ഓര്‍മ്മയ്തക്കായി തനിക്ക് സൂക്ഷിക്കാനും യുനീക് ഐഡന്റിഫിക്കേഷന്‍ അതോരിറ്റി വിവരങ്ങള്‍ തിരികെ നല്‍കണം- അഭിഭാഷകരില്ലാതെ കോടതിയില്‍ നേരിട്ട് ഹാജരായ ഹര്‍ജിക്കാരന്‍ പറഞ്ഞു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് ഇക്കാര്യത്തില്‍ വാദിക്കാന്‍ രണ്ട് മിനിറ്റ് അനുവദിച്ചു. 

അച്ഛന്‍ മരിക്കുന്നതിന് മുന്‍പ് ബംഗളുരുവിലെ പി.എഫ് ഓഫീസില്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാന്‍ പോയി അദ്ദേഹം അപമാനിതനായിട്ടുണ്ടെന്ന് സന്തോഷ് പറയുന്നു. പ്രായത്തിന്റെ ചുളിവുകള്‍ കാരണം വിരലടയാളം തിരിച്ചറിയപ്പെട്ടില്ല. കണ്ണില്‍ ശസ്‌ത്രക്രിയ ചെയ്തത് കൊണ്ട് അതും തിരിച്ചയാന്‍ മെഷീന് സാധിച്ചില്ല. അതുകൊണ്ട് തന്നെ അപമാനിതനായി അദ്ദേഹത്തിന് മടങ്ങേണ്ടി വന്നു. ആധാര്‍ രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ പോലെയാണെന്ന് പറഞ്ഞപ്പോള്‍, നിയമപരമായ കാര്യങ്ങള്‍ മാത്രം പറഞ്ഞാല്‍ മതിയെന്നും പ്രസംഗം നടത്താന്‍ മുതിരരുതെന്നും കോടതി വിലക്കി. തുടര്‍ന്ന് കേസ് ഇരുപതാം തീയ്യതിയിലേക്ക് മാറ്റി.