ഓഹരി വിപണികളില്‍ നേട്ടം. സെന്‍സെക്‌സ് 100 പോയന്‍റിലധികം ഉയര്‍ന്നു. ഇന്‍ഫോസിസിന്‍റെ ചിറകിലേറിയാണ് വിപണിയുടെ കുതിപ്പ്. രാജ്യാന്തര വിപണിയിലെ അനുകൂല സാഹചര്യം മുതലെടുത്ത് നിക്ഷേപകര്‍ ഓഹരികള്‍ വാങ്ങിക്കൂട്ടുന്നതും വിപണിയെ തുണയ്‌ക്കുന്നു. ഈ ആഴ്ച റിസര്‍വ് ബാങ്കിന്‍റെ വായ്പ നയം പുറത്ത് വരാനിരിക്കുന്നതും ഗുജറാത്ത് തെരഞ്ഞെടുപ്പും വിപണിയെ സ്വാധീനിക്കുന്നുണ്ട്. 

അമേരിക്കന്‍ ഡ്രഗ് ബോര്‍ഡിന്‍റെ അനുകൂല തീരുമാനത്തെ തുടര്‍ന്ന് ബൈകോണിന്‍റെ ഓഹരി വില 14 ശതമാനം കുതിച്ചുയര്‍ന്നു. ഇന്‍ഫോസിസ്, ടാറ്റ മോട്ടോഴ്‌സ്, ഒ.എന്‍.ജി.സി എന്നിവയാണ് നേട്ടപ്പട്ടികയില്‍ മുന്നില്‍. അതേസമയം അദാനി പോര്‍ട്സ്, കോള്‍ ഇന്ത്യ, ഏഷ്യന്‍ പെയിന്‍റ്സ് എന്നിവ നഷ്‌ടത്തിലാണ്. ഡോളറുമായുള്ള വിനിമയത്തില്‍ രൂപയും നേട്ടത്തിലാണ്. 12 പൈസയുടെ നേട്ടത്തോടെ 64.35 രൂപയിലാണ് വിനിമയം.