മികച്ച നേട്ടത്തോടെയാണ് രാജ്യത്തെ ഓഹരി വിപണികളില്‍ വ്യാപാരം പുരോഗമിക്കുന്നത്. സെന്‍സെക്സ് 167 പോയിന്റ് ഉയര്‍ന്ന് 33,528ല്‍ എത്തി. 54 പോയിന്റ് ഉയര്‍ന്ന നിഫ്റ്റി 10,349ലാണ് വ്യാപാരം നടത്തുന്നത്. രാവിലെ നിഫ്റ്റി 10,350 കടന്നിരുന്നു. ഏഷ്യന്‍ വിപണികളിലെ നേട്ടമാണ് ഇന്ത്യന്‍ വിപണികളിലും പ്രതിഫലിക്കുന്നത്. ആഗോള വിപണികളിലും ഇന്ന് മികച്ച പ്രതികരണം ദൃശ്യമാകുന്നു. അനുകൂല സാഹചര്യം മുതലാക്കാന്‍ ആഭ്യന്തര നിക്ഷേപകര്‍ കൂടുതലായി എത്തുന്നതും വിപണിക്ക് കരുത്താകുന്നു. സിപ്ല, ഡോ. റെഡ്ഡീസ് ലാബ്സ്, ഭാരതി എയര്‍ടെല്‍ എന്നിവയാണ് ഇന്ന് കൂടുതല്‍ നേട്ടമുണ്ടാക്കിയത്. ആക്സിസ് ബാങ്ക്, കോള്‍ ഇന്ത്യ, ടി.സി.എസ് എന്നിവ നഷ്ടത്തിലാണ്. 

ഡോളറുമായുള്ള വിനിമയത്തില്‍ രൂപയും നേട്ടത്തിലാണ്. ഒന്‍പത് പൈസയുടെ നേട്ടമാണ് ഇന്നുണ്ടായത്. ഇതോടെ ഒരു ഡോളറിന് 65.02 രൂപയിലാണ് ഇന്നത്തെ വ്യാപാരം.