സാനിട്ടറി നാപ്കിനുകള്‍ക്ക് 12 ശതമാനം ചരക്ക് സേവന നികുതി ഈടാക്കുന്നതിനെതിരെ ദില്ലി, മുംബൈ ഹൈക്കോടതികളുടെ പരിഗണനയിലുണ്ടായിരുന്ന ഹര്‍ജികളിന്മേലുള്ള എല്ലാ നടപടികളും സുപ്രീം കോടതി സ്റ്റേ ചെയ്തു. ഇതുമായി ബന്ധപ്പെട്ട എല്ലാ കേസുകളും സുപ്രീം കോടതി തന്നെ പരിഗണിക്കണോ എന്ന് പരിശോധിക്കുമെന്ന് അഭിപ്രായപ്പെട്ട കോടതി, ഹര്‍ജിക്കാര്‍ക്കെല്ലാം നോട്ടീസ് അയച്ചു. 

നാപ്കിന് ഉയര്‍ന്ന നികുതി ഈടാക്കുന്നതിനെതിരായ പ്രതിഷേധങ്ങള്‍ക്കൊപ്പം ചില വ്യക്തികളും സംഘടനകളും നിയമനടപടികളിലേക്ക് കടന്നതോടെയാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. ഈ വിഷയത്തിലുള്ള എല്ലാ കേസുകളിലും സ്റ്റേ അനുവദിക്കണമെന്ന കേന്ദ്രത്തിന്റെ ആവശ്യം ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് പരിഗണിച്ചത്. രാജ്യത്തെ ജനസംഖ്യയില്‍ പകുതിയോളം വരുന്ന സ്‌ത്രീകള്‍ക്ക് അത്യാവശ്യമായ നാപ്കിനുകള്‍ ആഢംബര വസുതക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി 12 ശതമാനം നികുതി ഈടാക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് കാണിച്ച് ദില്ലി സര്‍വകലാശാലയിലെ ഗവേഷണ വിദ്യാര്‍ത്ഥി സര്‍മിന ഇസ്റാര്‍ ഖാനാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. നാപ്കിനുകളുടെ നികുതി കുറയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് ഒരു സന്നദ്ധ സംഘടനയാണ് മുംബൈ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. രാജ്യത്തെ 12 ശതമാനത്തോളം സ്‌ത്രീകള്‍ക്ക് മാത്രമാണ് ഇത്രയും നികുതി കൂടി നല്‍കി നാപ്കിനുകള്‍ വാങ്ങാനുള്ള സാമ്പത്തിക ശേഷിയുള്ളൂവെന്നും വിവിധ സംഘടനകള്‍ അഭിപ്രായപ്പെട്ടിരുന്നു.