Asianet News MalayalamAsianet News Malayalam

2017-ല്‍ ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം ചിക്കന്‍ ബിരിയാണി

swiggy food survey
Author
First Published Dec 23, 2017, 12:31 PM IST

മുംബൈ: 2017-ല്‍ നഗരവാസികളായ ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണമെന്ന പദവി ചിക്കന്‍ ബിരിയാണിക്ക്. പ്രമുഖ ഓണ്‍ലൈന്‍ ഫുഡ് ആപ്പായ സ്വിഗി പുറത്തു വിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. 

ബെംഗളൂരു, മുംബൈ, ചെന്നൈ,ഗുരുഗ്രാം, ദില്ലി, പൂണൈ,കൊല്‍ക്കത്ത, ഹൈദരാബാദ് എന്നീ നഗരങ്ങളില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. റിപ്പോര്‍ട്ട് അനുസരിച്ച് ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ ഓര്‍ഡര്‍ ചെയ്യുന്ന ഭക്ഷണം ചിക്കന്‍ ബിരിയാണിയാണ്. മസാല ദോശയാണ് രണ്ടാം സ്ഥാനത്ത്. ബട്ടര്‍നാന്‍, തന്തൂരി റൊട്ടി, പനീര്‍ ബട്ടര്‍ മസാല തുടങ്ങിയ വിഭവങ്ങള്‍ക്കാണ് പിന്നെ ആവശ്യക്കാരുള്ളത്. 

പ്രഭാതഭക്ഷണമായി കൂടുതല്‍ പേരും കഴിക്കുന്നത് മസാല ദോശ, ഇഡ്‌ലി, കച്ചോരി തുടങ്ങിയ വിഭവങ്ങളാണ്. ചിക്കന്‍ ബിരിയാണി, ബട്ടര്‍നാന്‍, മട്ടണ്‍ ബിരിയാണി എന്നിവയ്ക്കാണ് ഉച്ചനേരങ്ങളില്‍ ഡിമാന്‍ഡ്. രാത്രിയില്‍ ചിക്കന്‍ ബിരിയാണി, പനീര്‍ ബട്ടര്‍ മസാല, ദാല്‍ മഖാനി എന്നിവയാണ് കൂടുതല്‍ പേര്‍ കഴിക്കാന്‍ താത്പര്യപ്പെടുന്നത്. 

വൈകുന്നേരത്തെ ടീ ബ്രേക്കില്‍ ചായക്കൊപ്പം പാവ് ബജി, സമൂസ, വടാപാവ് എന്നിവയൊക്കെ കഴിക്കാനാണ് ഇന്ത്യക്കാര്‍ക്കിഷ്ടം. ചിക്കന്‍ വിഭവങ്ങള്‍ അനവധിയുണ്ടെങ്കിലും ഇന്ത്യക്കാരുടെ പ്രിയവിഭവം ചിക്കന്‍ 65 ആണ്. ചിക്കന്‍ ലോലിപോപ്പ്, ബട്ടര്‍ ചിക്കന്‍ എന്നിവയും ജനപ്രിയം തന്നെ. ജൂണ്‍, ഒക്ടോബര്‍ മാസങ്ങളിലാണ് കൂടുതല്‍ പേര്‍ ബിരിയാണി കഴിക്കുന്നത്. 

മധുരപലഹാരങ്ങളില്‍ ഗുലാബ് ജാമുനോടാണ് ആളുകള്‍ക്ക് കൂടുതല്‍ താത്പര്യം. ജ്യൂസിലേക്ക് വരുമ്പോള്‍ തണ്ണിമത്തന്‍, മൊസബി, പൈനാപ്പിള്‍ തുടങ്ങിയവയാണ് താരങ്ങള്‍. മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളാണ് ഇന്ത്യയിലെ ജ്യൂസ് സീസണ്‍. ഷേക്കിലേക്ക് വരുമ്പോള്‍ ഒന്നാം സ്ഥാനത്തുള്ളത് ചോക്ലേറ്റ് ഷേക്കാണ്്. 

ഇന്ത്യക്കാരുടെ ഭക്ഷണശീലങ്ങള്‍ പരിശോധിച്ചാല്‍ ഒരു ശരാശരി ഇന്ത്യക്കാരന്‍ പ്രഭാതഭക്ഷണം കഴിക്കുന്നത് പകല്‍ 9.34 മണിക്കാണ്. 1.14-ഓടെ കൂടുതല്‍ പേരും ലഞ്ച് ടേബിളിലെത്തിയിരിക്കും. വൈകുന്നേരം 5.03- മണിയോടെ എല്ലാവരും ചായ കുടിക്കാന്‍ ഇറങ്ങും. രാത്രി 8.49 ആണ് ഇന്ത്യക്കാരുടെ ശരാശരി ഡിന്നര്‍ ടൈം. ഇതില്‍ തന്നെ ചെന്നൈക്കാര്‍ നേരത്തെ പ്രഭാതഭക്ഷണം കഴിക്കാന്‍ താത്പര്യപ്പെടുമ്പോള്‍ മുംബൈക്കാര്‍ക്ക് രാത്രി വൈകി ഭക്ഷണം കഴിക്കാനാണിഷ്ടം. 

25 വയസ്സിനും 34 വയസ്സിനും ഇടയില്‍ പ്രായമുള്ള പുരുഷന്‍മാരാണ് പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുന്നതില്‍ മുന്നില്‍. ചോക്ലേറ്റ്, ഐസ്‌ക്രീം തുടങ്ങിയവയാണ് ഇന്ത്യന്‍ സ്ത്രീകളുടെ പ്രിയപ്പെട്ട ഡെസേര്‍ട്ട്. അതില്‍ തന്നെ ടെണ്ടര്‍ കോക്കനട്ട് ഐസ്‌ക്രീമാണ് കൂടുതല്‍ ഇഷ്ടം. ഏറ്റവും കൂടുതല്‍ ഓര്‍ഡര്‍ ചെയ്യപ്പെട്ട ഭക്ഷണം ബിരിയാണിയാണെങ്കില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഓണ്‍ലൈനില്‍ തിരഞ്ഞ ഭക്ഷണം പിസയാണ്. ബര്‍ഗര്‍,ചിക്കന്‍,കേക്ക്, മൊമോ തുടങ്ങിയവയാണ് പിന്നീട് വരുന്നത്.
 

Follow Us:
Download App:
  • android
  • ios