ന്യൂഡല്‍ഹി: സ്വിറ്റ്സര്‍ലന്റിലെ ബാങ്കുകളില്‍ അക്കൗണ്ടുള്ള ഇന്ത്യക്കാരുടെ വിവരങ്ങള്‍ കൈമാറുന്നതിനുള്ള തടസ്സങ്ങള്‍ നീങ്ങുന്നു. ഇന്ത്യ ഉള്‍പ്പെടെ 40 രാജ്യങ്ങള്‍ക്ക് തങ്ങളുടെ പൗരന്മാരുടെ അക്കൗണ്ട് വിവരങ്ങള്‍ എപ്പോഴും കൈമാറാനുള്ള ഓട്ടോമാറ്റിക് സംവിധാനത്തിന് സ്വിസ് പാര്‍ലമെന്ററി സമിതി അംഗീകാരം നല്‍കി. എന്നാല്‍ വ്യക്തികളുടെ സ്വകാര്യരത സംബന്ധിച്ച് നിയമനടപടികള്‍ ഉയര്‍ന്നുവരാന്‍ സാധ്യതയുള്ള വിവരങ്ങള്‍ നല്‍കില്ല.

അക്കൗണ്ട് നമ്പര്‍, പേര്, വിലാസം, ജനന തീയ്യതി, ടാക്സ് ഐഡന്റിഫിക്കേഷന്‍ നമ്പര്‍, പലിശ, ഡിവിഡന്റ്, ഇന്‍ഷുറന്‍സ് പോളിസികളില്‍ നിന്നുള്ള വരുമാനം, ക്രെഡിറ്റ് ബാലന്‍സ്, ആസ്തികള്‍ വിറ്റഴിച്ചത് വഴി ലഭിച്ച വരുമാനം തുടങ്ങിയ വിവരങ്ങളാണ് ഇന്ത്യക്ക് ലഭിക്കുക. ഇത്തരം വിവരങ്ങള്‍ ബാങ്കുകള്‍ സ്വിസ് സര്‍ക്കാറിന് കൈമാറും. ഇവ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ ഔദ്ദ്യോഗിക ഏജന്‍സികളുമായി പങ്കുവെയ്ക്കപ്പെടും. പാര്‍ലമെന്റ് സമിതിയുടെ ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ നവംബര്‍ 27ന് ആരംഭിക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ അവതരിപ്പിക്കും. അന്തിമ തീരുമാനം പാര്‍ലമെന്റ് കൈക്കൊള്ളും. അടുത്ത വര്‍ഷം തന്നെ ഇത് സംബന്ധിച്ച് ഇന്ത്യയും സ്വിറ്റ്സര്‍ലന്റും കരാറിലെത്തുമെന്നും 2019 മുതല്‍ വിവരങ്ങള്‍ കൈമാറുന്ന ഓട്ടോമാറ്റിക് സംവിധാനം പ്രവര്‍ത്തിച്ചുതുടങ്ങുമെന്നുമാണ് പ്രതീക്ഷ.