ദില്ലി: കഴിഞ്ഞ ഒരാഴ്ച്ചയായി നടന്നുവരുന്ന ടെലികോം സ്‌പെക്ട്രം ലേലം അവസാനിച്ചു. 5.63 ലക്ഷം കോടിയുടെ സ്‌പെക്ട്രം വില്‍പ്പനക്ക് വെച്ചങ്കിലും അറുപത്തയ്യായിരത്തി എഴുന്നൂറ്റി എണ്‍പത്തൊമ്പത് കോടി മാത്രമാണ് സര്‍ക്കാരിന് ലഭിച്ചത്. അഞ്ച് ദിവസത്തില്‍ 31 വട്ടം ലേലം നടന്നു. ഏറ്റവും കൂടുതല്‍ ആവശ്യക്കാരുണ്ടാകുമെന്ന് പ്രതീക്ഷിച്ച 700,800 മെഗാ ഹെഡ്‌സ് സ്‌പെക്രത്തിന് ആവശ്യക്കാര്‍ തീരെയുണ്ടായില്ലെന്നതാണ് ഇത്തവണത്തെ ലേലത്തിന്റെ പ്രത്യേകത. വില അമിതമായതാണ് ഈ ബാന്‍ഡുകള്‍ വാങ്ങാന്‍ ആളുകള്‍ കുറഞ്ഞതെന്ന് വിദഗ്ധര്‍ പറയുന്നു. 2355 മെഗാ ഹെഡ്‌സ് ലേലത്തിന് വെച്ചതില്‍ 40 ശതമാനം മാത്രമാണ് ലേലത്തില്‍ വിറ്റുപോയത്. കോള്‍മുറിയല്‍ ഒഴിവാകാന്‍ തക്കവിധം എല്ലാ കമ്പനികളും വേണ്ടത്ര സ്‌പെക്ട്രം വാങ്ങിക്കഴിഞ്ഞെന്നും വിദഗ്ധര്‍ പറയുന്നു.