ഒറ്റയൊരാൾക്ക് പറത്താൻ കഴിയുന്ന തേജസിന്‍റെ ഭാരം 6560കിലോഗ്രാം. കൂടാതെ 9500കിലോഗ്രാം വരെ അധികഭാരം ചുമക്കാനുള്ള ശേഷി. വേഗത മാക് 1.6. അതായത് മണിക്കൂറിൽ 2,205കിലോമീറ്റര്‍. 15 കിലോമീറ്റർ വരെ ഉയരത്തിൽ പറക്കാൻ കഴിയുമെന്നുള്ളത് മറ്റൊരു പ്രത്യേകത. ഒറ്റത്തവണ ഇന്ധനം നിറച്ചാൽ 400 കിലോമീറ്റർ വരെ പറക്കുന്ന വമ്പന്‍. ആകാശത്ത് വച്ചുതന്നെ ഇന്ധനം നിറയ്ക്കാൻ കഴിയുന്ന മിടുക്കന്‍. പറന്നുക്കൊണ്ടിരിക്കുമ്പോൾ പൊടുന്നെ തലകുത്തിമറിഞ്ഞ് പറക്കാന്‍ കഴിയുന്ന അഭ്യാസി.

1983ലായിരുന്നു തേജസിന്‍റെ പിറവിയെക്കുറിച്ചുള്ള ചിന്തകളുടെ തുടക്കം. അമേരിക്ക ഉള്‍പ്പെടെയുള്ളവരുടെ നിസഹകരണം മൂലം കാലതാമസം. എന്നാല്‍ തോറ്റ് കൊടുക്കാന്‍ ഇന്ത്യ ഒരുക്കമായിരുന്നില്ല. ലഘു പോർവിമാനങ്ങൾ നിർമിക്കുന്ന പദ്ധതിക്ക് പിന്നീടു പ്രത്യേക ഡിവിഷനുണ്ടാക്കി സർക്കാർ ഉടമസ്ഥതയിലുള്ള ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റ‍ഡിനെ ഏല്‍പ്പിച്ചു. അവര്‍ 2011ഓടുകൂടി നിർമാണം പൂർത്തിയാക്കി.

അങ്ങനെ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റ‍ഡിൽ നിർമിച്ച വിമാനങ്ങളിൽ ആദ്യഘട്ടത്തിൽ രണ്ടെണ്ണമാണ് ഫ്ലയിംഗ് ഡാഗേഴ്സ്-45 എന്ന പേരിൽ ഇക്കഴിഞ്ഞ ജൂലൈയിൽ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായത്. ബംഗ്ലൂരുവിൽ വച്ചുസംഘടിപ്പിച്ച ചടങ്ങിലായിരുന്നു തേജസിനെ വ്യോമസേന ഏറ്റെടുക്കുന്നത്.

നൂതന സാങ്കേതിക ഉൾപ്പെടുത്തി നിർമിച്ച തേജസ് ഇന്ത്യയുടെ വലിയൊരു നേട്ടമായിട്ടാണ് കണക്കാക്കുന്നത്. പാകിസ്ഥാനടക്കമുള്ള വിദേശശക്തികളെ തകർക്കാൻ മാത്രം ശക്തിയുണ്ട് തേജസിനെന്ന് പ്രതിരോധ കേന്ദ്രങ്ങൾ വ്യക്തമാക്കുന്നു. പാക് ജെഎഫ് 17 ജെറ്റിനേക്കാൾ മികച്ചതാണ് തേജസ്.

ചൈനയുടെ സഹായത്തോടെ പാകിസ്ഥാൻ നിർമിച്ച ജെഎഫ് 17 പോർവിമാനങ്ങളെ വെല്ലാൻ ഇന്ത്യൻ നിർമിത തേജസിന് സാധിക്കുക എന്നതു തന്നെ വലിയൊരു നേട്ടമാണെന്ന് പ്രതിരോധ വിദഗ്ദ്ധര്‍. ആകാശത്തേക്കോ കരയിലേക്കോ കടലിലേക്കോ തൊടുക്കാവുന്ന മിസൈലുകൾ, കൃത്യമായി യുദ്ധസാമഗ്രഹികളും റോക്കറ്റുകളും ബോംബുകളും വർഷിക്കാനുള്ള കഴിവ്, വിവിധോദ്ദേശ റഡാർ, ആധുനിക ഇലക്ട്രോണിക് യുദ്ധോപകരണങ്ങൾ, കൂടുതൽ ദൃശ്യപരിധിയുള്ള റഡാർ തുടങ്ങിയ നൂതന സജ്ജീകരണങ്ങള്‍.

എ-8 റോക്കറ്റ്, അസ്ത്ര, ഡെർബി, പൈത്തോൺ, ആർ-77, ആർ-73 എന്നീ എയർ ടുഎയർ മിസൈലുകൾ, കെഎച്ച്-59 എംഇ, കെഎച്ച്-59 എംകെ, കെഎച്ച്-35, കെഎച്ച്-31 എന്നീ എയർ ടു സർഫേസ് മിസൈലുകൾ, ആന്റി ഷിപ്പ് മിസൈലുകൾ, ലേസർ ബോംബുകൾ എന്നിവ പ്രയോഗിക്കാനുള്ള ശേഷിയും തേജസിനുണ്ട്.

വ്യാവസായിക അടിസ്ഥാനത്തിൽ കൂടുതൽ തേജസ് പോർ വിമാനങ്ങൾ നിർമിക്കാനുള്ള നീക്കത്തിലാണ് എച്ച്എഎല്‍. വർഷം തോറും എട്ട് തേജസ് വിമാനങ്ങൾ നിർമിക്കാനാണ് പദ്ധതി. അത് 16 ആക്കി ഉയർത്താനും നീക്കം നടക്കുന്നു.

2017 ആകുമ്പോഴേക്കും എട്ട് തേജസ് വിമാനങ്ങൾ കമ്മീഷൻ ചെയ്തേക്കും. അടുത്ത വർഷത്തോടെ കാലം പഴക്കം ചെന്ന മിഗ് വിമാനങ്ങൾ പൂർണമായും ഒഴിവാക്കി ആ സ്ഥാനത്ത് അത്യാധുനിക സാങ്കേതികതകൾ ഉള്ള തേജസിനെ ഉൾപ്പെടുത്താനാണ് പ്രതിരോധ മേഖലയുടെ ശ്രമം.

ജെഎഫ്-17 തണ്ടർ ഫൈറ്റർ ജെറ്റിനേക്കാൾ മികച്ച പ്രകടനമായിരുന്നു ബഹറനിലെ എയർഷോയിൽ തേജസ് കാഴ്ചവെച്ചത്. അതുകൊണ്ടു തന്നെ പാക്ക് നീക്കങ്ങൾക്കെതിരെ ഇന്ത്യയ്ക്ക് കൂടുതൽ ആത്മവിശ്വാസം പകരാൻ എന്തുകൊണ്ടും തേജസിനാകും. ഇന്ത്യ- പാക്ക് അതിർത്തി പ്രദേശങ്ങൾ സംഘർഷഭരിതമായിരിക്കെ അക്ഷരാര്‍ത്ഥത്തില്‍ പാക്കിസ്ഥാന്‍റെ പേടി സ്വപ്നം തന്നെയാണ് ഇന്ത്യയുടെ തേജസ്.