മുംബൈ: രാജ്യത്ത് സൈബര്‍ സുരക്ഷാരംഗത്ത് വിദഗ്ദ്ധരുടെ ക്ഷാമമെന്ന് റിപ്പോര്‍ട്ട്. സൈബര്‍ ആക്രമണങ്ങളും വൈറസുകളും വഴി വിവരങ്ങളും ചോരുന്നതും മറ്റു സുരക്ഷാ പ്രശ്‌നങ്ങളുണ്ടാവുന്നതും സ്ഥിരമായതോടെ പ്രമുഖ കമ്പനികളെല്ലാം സ്വന്തമായി സൈബര്‍ സെക്യൂരിറ്റി ഓഫീസര്‍മാരെ നിയമിക്കുകയാണ്. 

സൈബര്‍ സുരക്ഷാരംഗത്ത്‌ കഴിഞ്ഞ 18 മാസത്തിനിടെ മൂന്നിരട്ടിയോളം ഒഴിവുകള്‍ വന്നെന്നാണ് പ്രമുഖ തൊഴില്‍ ഏജന്‍സിയായ ബിലോംഗിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. നിലവില്‍ സൈബര്‍ സുരക്ഷാ രംഗത്ത് 10,000-നും 15,000-നും ഇടയില്‍ തൊഴിലവസരങ്ങള്‍ ഉണ്ടെന്നും ഈ റിപ്പോര്‍ട്ടില്‍ പറയുന്നു. 

പോയവര്‍ഷമുണ്ടായ വാനക്രൈ, റാന്‍സംവെയ്ര്‍ ആക്രമണങ്ങളോടെ ഇന്ത്യന്‍ കമ്പനികളെല്ലാം സൈബര്‍ സുരക്ഷയില്‍ അപ്ടുഡേറ്റായിരിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഏതെങ്കിലും കമ്പനി സൈബര്‍ ആക്രമണം നേരിട്ടെന്ന വാര്‍ത്ത വന്നാല്‍ അതിന്റെ ഓഹരിവില ഇടിയുന്ന തരത്തില്‍ സൈബര്‍ സുരക്ഷയെ കുറിച്ച് അവബോധം പൊതുസമൂഹത്തിലും ഉപഭോക്താകളിലുമുണ്ടായി കഴിഞ്ഞു -റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.