ദില്ലി: റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ ഇപ്പോഴത്തെ നിയമന കാലാവധി ചെറുതാണെന്നും, നാലു വര്‍ഷത്തേക്കു നിയമനം നല്‍കുന്നതാണ് അഭികാമ്യമെന്നും രഘുറാം രാജന്‍. അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് നാലു വര്‍ഷത്തേക്കാണ് അതിന്റെ തലപ്പത്തുള്ള പ്രധാന നിയമനങ്ങള്‍ നടത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പാര്‍ലമെന്റിന്റെ ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളുടെ ചോദ്യത്തിനു മറുപടി നല്‍കുകയായിരുന്നു രാജന്‍.

ബാങ്കുകളുടെ നിഷ്ക്രിയ ആസ്തി വര്‍ധിക്കുകയാണെന്നു രഘുറാം രാജന്‍ ചോദ്യത്തിന് ഉത്തരമായി ചൂണ്ടിക്കാട്ടി. മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തെ കണക്കു പ്രകാരം നിഷ്ക്രിയ ആസ്തി കഴിഞ്ഞ 12 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയായ 7.6 ശതമാനമാണ്. 2017ഓടെ ഇത് 8.5 ശതമാനമാകുമെന്നാണു റിസര്‍വ് ബാങ്കിന്റെ നിഗമനെന്നും അദ്ദേഹം പറഞ്ഞു.