പ്രവര്‍ത്തനസജ്ജമായ 142.9 കോടി മൊബൈല്‍ കണക്ഷനുകളാണ് രാജ്യത്തുള്ളത്  

ദില്ലി: ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി അവസാനിപ്പിക്കാന്‍ ഒരു മാസം ബാക്കി നില്‍ക്കേ രാജ്യത്തെ 87 കോടി ബാങ്ക് അക്കൗണ്ടുകള്‍ ആധാര്‍ വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കി. 

രാജ്യത്തെ 80 ശതമാനം ബാങ്ക് അക്കൗണ്ടുകളും 60 ശതമാനം മൊബൈല്‍ കണക്ഷനുകളും ആധാറുമായി ബന്ധപ്പെടുത്തിയെന്നാണ് യുഐഡിഐ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ബാങ്ക് അക്കൗണ്ടുകളും മൊബൈല്‍ കണക്ഷനുകളും ആധാറുമായി ബന്ധിപ്പിക്കാന്‍ ഈ മാര്‍ച്ച് 31 വരെയാണ് കേന്ദ്രസര്‍ക്കാര്‍ സമയം അനുവദിച്ചിട്ടുള്ളത്. ബാങ്ക് അക്കൗണ്ട് കൂടാതെ പാന്‍ കാര്‍ഡുമായും ആധാര്‍ ബന്ധിപ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശമുണ്ട്. 

രാജ്യത്ത് 109.9 കോടി ബാങ്ക് അക്കൗണ്ടുകള്‍ ഉള്ളതായാണ് കണക്ക്. ഇതില്‍ 58 കോടി ആളുകളുടെ വെരിഫിക്കേഷന്‍ പൂര്‍ണമായും പൂര്‍ത്തിയായിട്ടുണ്ട്. അവശേഷിച്ചവരുടെ രേഖകള്‍ ബാങ്കുകളില്‍ ലഭിച്ചിട്ടുമുണ്ട്. 

പ്രവര്‍ത്തനസജ്ജമായ 142.9 കോടി മൊബൈല്‍ കണക്ഷനുകളാണ് രാജ്യത്തുള്ളത്. ഇതില്‍ 85.7 കോടി നമ്പറുകള്‍ ഉടമസ്ഥര്‍ തങ്ങളുടെ ആധാറുമായി ബന്ധിപ്പിച്ചു. രാജ്യത്തെ 120 കോടി ആളുകള്‍ ഇതുവരെയായി ആധാര്‍ പദ്ധതിയില്‍ ചേര്‍ന്നിട്ടുണ്ടെന്നാണ് കണക്ക്.