നഗരഗതാഗതത്തിനു യോജിച്ച തരത്തിലാണ് ടിസിക്സിന്‍റെ രൂപകല്‍പ്പനയെന്ന് കമ്പനി അവകാശപ്പെടുന്നു. ഓണ്‍ ബോര്‍ഡ് നാവിഗേഷന്‍, ക്ലൗഡ് കണക്ടിവിറ്റി, സ്റ്റോറേജ് സൗകര്യം, ഫുള്‍ ഡിജിറ്റല്‍ ഡിസ്പ്ലേ, മികച്ച ആക്സിലറേഷന്‍ തുടങ്ങി ഒട്ടനവധി പ്രത്യേകതകളോടെയാണ് ടോര്‍ക്ക് ടിസിക്സിനെ നിരത്തിലെത്തിക്കുന്നത്.

മറ്റ് ഇരുചക്രവാഹനങ്ങള്‍ക്കില്ലാത്ത മറ്റ് നിരവധി പ്രത്യേകതകളും കമ്പനി മുന്നോട്ടു വയ്ക്കുന്നുണ്ട്. വാഹനത്തിന്‍റെ സാങ്കേതികത, ഡ്രൈാവിംഗ് മോഡ്, സര്‍വ്വീസ് വിവരങ്ങള്‍ തുടങ്ങിയവ ഉപഭോക്താവിന്‍റെ സെല്‍ഫോണുമായി കൈമാറാനുള്ള സംവിധാനമാണ് അതിലൊന്ന്.

ലിഥിയം അയോണ്‍ ബാറ്ററികളാണ് ടിസിക്സിന് ശക്തി പകരുക. ഈ ശക്തി ഉപയോഗിച്ച് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയില്‍ വരെ വാഹനം കുതികുതിക്കും. ഓരോ യാത്രയുടെയും ചാര്‍ജ്ജ് ചെയ്തതിന്‍റെയും വിവരങ്ങളും ഉപയോഗിക്കുന്ന വൈദ്യുതിയുടെ അളവും അവശേഷിക്കുന്ന ചാര്‍ജ്ജ് തുടങ്ങിയവയും ടിസിക്സ് യാത്രികനെ അറിയിക്കും. 15 ആംപിയര്‍ പവര്‍ സോക്കറ്റില്‍ നിന്നു ചാര്‍ജ് ചെയ്യാവുന്ന രീതിയിലാണു രൂപകല്‍പ്പന. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 100 കിലോമീറ്റര്‍ വരെ ഓടും.

ഓണ്‍ ബോര്‍ഡ് നാവിഗേഷന്‍, സ്റ്റോറേജ്, ക്ലൗഡ് കണക്ടിവിറ്റി, പൂര്‍ണ ഡിജിറ്റല്‍ ഡിസ്‌പ്ലേ, ക്വിക് ചാര്‍ജ് തുടങ്ങിയവയ്ക്കു പുറമേ സുരക്ഷാ വിഭാഗത്തില്‍ എ ബി എസ്, സി ഡി എസ്, ആന്റി തെഫ്റ്റ് ജിയോ ഫെന്‍സിങ്, ഡേടൈം റണ്ണിങ് ലാംപ് (ഡി ആര്‍ എല്‍) എന്നിവയും ബൈക്കിലുണ്ട്.

ബാറ്ററി ഒറ്റ മണിക്കൂറിനുള്ളില്‍ 80% വരെ ചാര്‍ജ് ആവും; പൂര്‍ണ തോതില്‍ ചാര്‍ജ് ആവാന്‍ രണ്ടു മണിക്കൂര്‍ മതിയാകും. ഉപയോഗത്തെ അടിസ്ഥാനമാക്കി ബാറ്ററിക്ക് 80,000 മുതല്‍ ഒരു ലക്ഷം വരെ കിലോമീറ്ററാണു നിര്‍മാതാക്കള്‍ പറയുന്ന ആയുര്‍ദൈര്‍ഘ്യം. പരമാവധി 27 എന്‍ എം വരെ ടോര്‍ക്ക് സൃഷ്ടിക്കാന്‍ കഴിയും ടി സിക്‌സ് എക്‌സിന്റെ പവര്‍ട്രെയ്നിന്.

ബൈക്ക് അവതരിപ്പിക്കുന്നതിനു മുന്നോടിയായി ടോര്‍ക് മോട്ടോഴ്‌സ് പുണെയില്‍ ആറു ചാര്‍ജിങ് കേന്ദ്രങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. ഡിസംബറോടെ ചാര്‍ജിങ് പോയിന്റുകളുടെ എണ്ണം നൂറാക്കി ഉയര്‍ത്തും. പുണെയിലും ബംഗളൂരുവിലും ഡല്‍ഹിയിലും വാഹനം ആദ്യം വില്‍പ്പനയ്‌ക്കെത്തും. മൂന്നു നിറങ്ങളില്‍ എത്തുന്ന ബൈക്കിനു പ്രതീക്ഷിക്കുന്ന വില 1,24,999 രൂപയാണ്.