ട്രെയിനുകള്‍ എവിടെ എത്തിയെന്ന് കൃത്യമായി യാത്രക്കാരെ അറിയിക്കാനുള്ള ജി.പി.എസ് സംവിധാനം ഏര്‍പ്പെടുത്താന്‍ റെയില്‍വെ തീരുമാനിച്ചു. നിലവില്‍ റെയില്‍വെ വെബ്സൈറ്റും മൊബൈല്‍ ആപ്പും വഴി ട്രെയിനുകളുടെ വിവരങ്ങള്‍ നല്‍കുന്നുണ്ടെങ്കിലും ഇത് കൃത്യമല്ല. ഈ സാഹചര്യത്തില്‍ ഓരോ ട്രെയിനിലും ജി.പി.എസ് സംവിധാനം ഏര്‍പ്പെടുത്തുന്നത് യാത്രക്കാര്‍ക്ക് അനുഗ്രഹമാകും.

തത്സമയ കൃത്യതാ നിരീക്ഷണ സിവിധാനം (real-time punctuality monitoring and analysis-RPMA)ആദ്യ ഘട്ടമായി ഡെല്‍ഹി-ഹൗറ, ഡല്‍ഹി-മുംബൈ റൂട്ടില്‍ ഫെബ്രുവരി മുതല്‍ നിലവില്‍ വരും. എത്രയും വേഗം സംവിധാനം പ്രാവര്‍ത്തികമാക്കാന്‍ 16 റെയില്‍വേ സോണുകളോടും കേന്ദ്ര റെയില്‍വെ മന്ത്രി പിയൂഷ് ഗോയല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഒക്ടോബറില്‍ തന്നെ ഇതിന്റെ പരീക്ഷണം വിജയികരമായി പൂര്‍ത്തിയാക്കിയിരുന്നു. ഇപ്പോള്‍ നിലവിലുള്ള നാഷണല്‍ ട്രെയിന്‍ എന്‍ക്വയറി സിസ്റ്റം അനുസരിച്ച് ഓരോ ട്രെയിനും ഓരോ സ്റ്റേഷനുകളില്‍ എത്തുമ്പോഴാണ് വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ അപ്ഡേറ്റ് ചെയ്യപ്പെടുന്നത്. അതത് സ്റ്റേഷന്‍ മാസ്റ്റര്‍മാരാണ് ഇത് ചെയ്യുന്നത്. ഇതിന് പകരം ട്രെയിനുകള്‍ ഓടുമ്പോള്‍ തന്നെ അപ്പപ്പോഴുള്ള വിവരങ്ങള്‍ യാത്രക്കാര്‍ക്ക് മുന്‍കൂട്ടി അറിയാന്‍ ജി.പി.എസ് സംവിധാനം സഹായിക്കും.