ബാംഗ്ലൂര്‍: കൂട്ട പിരിച്ചുവിടലുകളും തൊഴില്‍ ചൂഷണങ്ങളും പതിവായതോടെ ഐ.ടി മേഖലയിലും ജീവനക്കാര്‍ സംഘടിക്കുന്നു. രാജ്യത്ത് തന്നെ ആദ്യമായി ഐ.ടി മേഖലയില്‍ തൊഴിലാളി യൂണിയന്‍ രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ അന്തിമ ഘട്ടത്തിലാണ്. കോടികളുടെ ലാഭം കൊയ്യുന്ന കമ്പനികള്‍ തൊഴിലാളികളുടെ എണ്ണം കുറച്ചും നിലവിലുള്ള തൊഴിലാളികളുടെ മേല്‍ അമിതഭാരം അടിച്ചേല്‍പ്പിക്കുന്നതിനുമാണ് കുട്ട പിരിച്ചുവിടലുകള്‍ നടത്തുന്നതെന്നാണ് ജീവനക്കാര്‍ ആരോപിക്കുന്നത്. ഇതിനെതിരെ സംഘടിക്കാനാണ് ഐ.ടി ജീവനക്കാര്‍ മുന്നോട്ടുവരുന്നത്.

ആദ്യപടിയെന്നോണം രാജ്യത്തിന്റെ ഐ.ടി തലസ്ഥാനമായ ബംഗളുരുവില്‍ നാളെ ഐ.ടി ജീവനക്കാരുടെടെ ട്രേഡ് യൂണിയന്‍ രൂപീകരണ സമ്മേളനം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. കോറമംഗലയിലെ വൈ.ഡബ്ല്യൂ.സി.എ ഹാളില്‍ വെച്ച് ഉച്ചക്ക് രണ്ട് മണിക്കാണ് യോഗം ചേരുമെന്നാണ് ജീവനക്കാരുടെ പ്രതിനിധികള്‍ അറിയിച്ചിരിക്കുന്നത്. ഐ.ടി, ഐ.ടി അധിഷ്‌ഠിത മേഖലകളില്‍ ജോലി ചെയ്യുന്ന നൂറു കണക്കിന് പേര്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് സംഘാടകര്‍ അവകാശപ്പെടുന്നത്. കഴിഞ്ഞ മെയ് ദിനത്തില്‍ ബംഗളൂരുവില്‍ നടന്ന തൊഴിലാളി റാലിയില്‍ ചുവപ്പു കൊടികളേന്തി സ്റ്റാലിന്റെ ചിത്രം അനാവരണം ചെയ്ത ടി ഷര്‍ട്ടുകളും അണിഞ്ഞുകൊണ്ട് നൂറു കണക്കിന് ഐ.ടി ജീവനക്കാരും പങ്കെടുത്തിരുന്നു.