തിരുവനന്തപുരം: ബജറ്റില്‍ വീണ്ടും നികുതി കൂട്ടുമോ എന്ന ആശങ്കയിലാണ് വ്യാപാരികള്‍. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ നികുതി കൂട്ടാതെ മറ്റ് വഴികള്‍ തേടണമെന്നാണ് സ്വര്‍ണവ്യാപാരികള്‍ അടക്കമുള്ളവരുടെ ആവശ്യം.

ബജറ്റിന് ഒരാഴ്ചയോളം ബാക്കിനില്‍ക്കെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള വഴികള്‍ തേടുകയാണ് സര്‍ക്കാര്‍. നികുതി വരുമാനം കൂട്ടാനും നികുതി വെട്ടിപ്പ് തടയാനും ആവശ്യമായ മാര്‍ഗ്ഗങ്ങള്‍ ആവിഷ്‌കരിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ വീണ്ടുമൊരു നികുതി വര്‍ദ്ധന താങ്ങാനാവില്ലെന്ന നിലപാടിലാണ് വ്യാപാരികള്‍. തമിഴ്‌നാട്ടില്‍ സ്വര്‍ണത്തിന് ഒരു ശതമാനം മാത്രം നികുതിയുള്ളപ്പോള്‍ സംസ്ഥാനത്ത് അഞ്ചു ശതമാനമാണ് നികുതി. ഇത് ഇനിയും വര്‍ദ്ധിപ്പിച്ചാല്‍ കടപൂട്ടേണ്ടിവരുമെന്ന് വ്യാപാരികള്‍ പറയുന്നു.

സ്റ്റാമ്പ് ഡ്യൂട്ടി കൂട്ടരുതെന്ന് ഫ്ലാറ്റ് നിര്‍മാതാക്കളും ആവശ്യപ്പെടുന്നു. സ്തംഭനാവസ്ഥയിലായ വ്യവസായത്തിന് രജിസ്‌ട്രേഷന്‍ നികുതി വര്‍ദ്ധന കൂടി താങ്ങാനാവില്ലെന്നാണ് ഫ്ലാറ്റ് നിര്‍മാതാക്കളുടെ വാദം. നികുതി വെട്ടിപ്പും നികുതി പിരിവും കൃത്യമാക്കിയാല്‍ ഈ മേഖലയില്‍ നിന്നുള്ള വരുമാനം കൂടുമെന്നതാണ് വാസ്തവം. വന്‍കിട സ്ഥാപനങ്ങളുടെ രജിസ്‌ട്രേഷന്‍ കൃത്യമാക്കുകയും പാട്ടക്കുടിശ്ശിക പിരിച്ചെടുക്കുകയും ക്വാറി ഉടമകള്‍ ഉള്‍പ്പെടെയുള്ളവരെ കൃത്യമായി കണ്ടെത്തുകയും ചെയ്താല്‍ ആയിരം കോടിക്ക് മേല്‍ വരുമാനവര്‍ദ്ധനയുണ്ടാക്കാം എന്നാണ് വിലയിരുത്തല്‍.