ദില്ലി: ഈ മാസം അവസാനത്തോടെ 2ജി, 3ജി സേവനങ്ങള്‍ അവസാനിപ്പിക്കുന്ന അനില്‍ അംബാനിയുടെ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിനോട് ഉപഭോക്താക്കളുടെ വിവരങ്ങള്‍ നല്‍കാന്‍ ടെലികോം റെഗുലേറ്ററി അതോരിറ്റി ആവശ്യപ്പെട്ടു. മറ്റ് നെറ്റ്‍വര്‍ക്കുകളിലേക്ക് പോര്‍ട്ട് ചെയ്ത ഉപഭോക്താക്കളുടെ വിവരങ്ങള്‍, പോര്‍ട്ട് ചെയ്യാന്‍ കഴിയാത്തവരുടെ അക്കൗണ്ടില്‍ ബാക്കിയുള്ള തുക തുടങ്ങിയ വിവരങ്ങള്‍ അറിയിക്കാനാണ് ട്രായ് ആവശ്യപ്പെട്ടിരിക്കുന്നത്.
ജിയോയുടെ വരവിന് ശേഷം 46,000 കോടിയോളം രൂപയുടെ നഷ്‌ടമാണ് റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന് നേരിടേണ്ടി വന്നത്. ഇതോടെയാണ് നവംബര്‍ മാസത്തോടെ 4ജി ഒഴികെയുള്ള സേവനങ്ങള്‍ അവസാനിപ്പിക്കാന്‍ റിലയന്‍സ് തീരുമാനിച്ചത്. ഉപഭോക്താക്കള്‍ ഉടന്‍ തന്നെ പോര്‍ട്ട് ചെയ്ത് മറ്റേതെങ്കിലും നെറ്റ്‍വര്‍ക്കിലേക്ക് മാറണമെന്ന് കമ്പനി അറിയിച്ചിരിക്കുകയാണ്. ജീവനക്കാരെ വന്‍തോതില്‍ പിരിച്ചുവിടുകയും ചെയ്യുന്നു. ഇതിന് പിന്നാലെയാണ് ഉപഭോക്താക്കളുടെ വിവരങ്ങള്‍ നല്‍കണമെന്ന് ട്രായ് ആവശ്യപ്പെട്ടിരിക്കുന്നത്. മറ്റ് നെറ്റ്‍വര്‍ക്കുകളിലേക്ക് പോര്‍ട്ട് ചെയ്യാത്ത ഉപഭോക്താക്കള്‍ അങ്ങനെ ചെയ്യാതിരിക്കാനുള്ള കാരണം, അത്തരം അക്കൗണ്ടുകളില്‍ ഉപയോഗിക്കാതെ ബാക്കിയായ തുക എന്നിവ ജനുവരി 10നകം അറിയിക്കണമെന്നാണ് നിര്‍ദ്ദേശം.
