കള്ളപ്പണം വെളിപ്പെടുത്താൻ നേരത്തെ നൽകിയ അവസരങ്ങൾക്ക് പുറമെ നോട്ടുകൾ പിൻവലിച്ച ശേഷവും പുതിയ പദ്ധതി പ്രഖ്യാപിക്കാൻ കേന്ദ്ര സര്‍ക്കാർ ഒരുങ്ങുകയാണ്. ഡിസംബര്‍ 30വരെ 50 ശതമാനം നികുതിയടച്ച് കള്ളപ്പണം വെളിപ്പെടുത്താൻ ഗരീബ് കല്ല്യാണ്‍ യോജന എന്ന പദ്ധതിയാണ് കേന്ദ്ര സര്‍ക്കാർ പ്രഖ്യാപിക്കുന്നത്. 

അങ്ങനെ കള്ളപ്പണം വെളിപ്പെടുത്തുമ്പോൾ തന്നെ നികുതി അയച്ച ശേഷം കിട്ടുന്ന 50 ശതമാനം തുകയിൽ 50 ശതമാനം തുക നാല് വര്‍ഷത്തേക്ക് പാവങ്ങളുടെ ക്ഷേമത്തിനായി കള്ളപ്പണം വെളിപ്പെടുത്തുന്നവർ നിക്ഷേപിക്കുകയും വേണം. കള്ളപ്പണം വെളിപ്പെടുത്താത്തവര്‍ക്ക് 90 ശതമാനം നികുതിയും 4 വര്‍ഷത്തെ ജയിൽ ശിക്ഷയും നൽകാനുള്ള നടപടികൾക്കുമാണ് കേന്ദ്ര സര്‍ക്കാർ ഒരുങ്ങുന്നത്. 

നോട്ടുകൾ പിൻവലിക്കുന്നതിന് തൊട്ടുമുമ്പ് ബീഹാറിൽ ബി.ജെ.പി നടത്തിയ ഭൂമിയിടപാട് വലിയ വിവാദമായി മാറുകയാണ്. നോട്ടുകൾ അസാധുവാക്കുന്ന തീരുമാനം മോദി സര്‍ക്കാർ അടുപ്പക്കാര്‍ക്ക് ചോര്‍ത്തി നൽകിയെന്ന് നേരത്തെ അരവിന്ദ് കെജരിവാൾ ഉൾപ്പടെയുള്ള നേതാക്കൾ ആരോപിച്ചിരുന്നു. ഇക്കാര്യം പ്രതിപക്ഷം പാര്‍ലമെന്‍റിൽ ഉന്നയിക്കുകയും ചെയ്തു. 

പ്രതിപക്ഷത്തിന്‍റെ ആരോപണങ്ങൾക്ക് ശക്തിപകരുന്നതാകും ബീഹാറിലെ ഭൂമിയിടപാട്. ഇക്കാര്യത്തിൽ പാര്‍ലമെന്‍ററിതല അന്വേഷണം വേണമെന്ന ആവശ്യവും പ്രതിപക്ഷം ഇനി ശക്തമാക്കും.