ദില്ലി: ഗ്രാമീണ-കര്‍ഷിക മേഖലകളില്‍ വന്‍പദ്ധതികള്‍ പ്രഖ്യാപിച്ചു കൊണ്ട് നരേന്ദ്രമോദി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ്. ആദായനികുതിയില്‍ കാര്യമായ കുറവ് വരുത്തുമെന്ന് ശക്തമായ അഭ്യൂഹമുണ്ടായെങ്കിലും അത്തരമൊരു പ്രഖ്യാപനമുണ്ടായില്ല. തിരഞ്ഞെടുപ്പിന് മുന്‍പുള്ള അവസാന ബജറ്റായിട്ടും രാജ്യത്തെ മധ്യവര്‍ഗ്ഗത്തെ സന്തോഷിപ്പിക്കുന്ന രീതിയിലുള്ള പ്രഖ്യാപനങ്ങളൊന്നും ബജറ്റില്‍ ഇല്ല. 

സമഗ്ര ഇന്‍ഷുറന്‍സ് പ്രഖ്യാപിച്ചും വിവിധ കാര്‍ഷിക വിളകളുടേയും മേഖലകളുടേയും വികസനത്തിനും നിര്‍ദേശിച്ചുമുള്ള ബജറ്റ്. പാവപ്പെട്ടഎട്ട് കോടിയോളം പേര്‍ക്ക് സൗജന്യ ഗ്യാസും വൈദ്യുതിയും നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. 

വിവിധ പദ്ധതികളിലൂടെ 11.5 ലക്ഷം കോടിയോളം രൂപയാണ് കാര്‍ഷിക മേഖലയ്ക്കായി മാറ്റിവച്ചിരിക്കുന്നത്. ബജറ്റില്‍ ഡിജിറ്റല്‍ നാണയങ്ങളെ അംഗീകരിക്കില്ലെന്ന് വ്യക്തമാക്കിയ ധനമന്ത്രി മൂന്ന് പൊതുമേഖള ഇന്‍ഷുറന്‍സ് കമ്പനികളെ (യൂണൈറ്റഡ്,ഓറിയന്റല്‍, നാഷണല്‍,ന്യൂഇന്ത്യ അഷുറന്‍സ്) ലയിപ്പിച്ച് ഒന്നാക്കുമെന്നും 24 പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിറ്റൊഴിയുമൊന്നും വ്യക്തമാക്കിയിട്ടുണ്ട്. ഓഹരി വിറ്റൊഴിച്ച് ഒരുലക്ഷം കോടി രൂപ സമാഹരിക്കുമെന്നാണ് ധനമന്ത്രിയുടെ പ്രഖ്യാപനം. 

ഒന്നരലക്ഷം കോടി ചിലവ് കാണുന്ന റെയില്‍വേ ബജറ്റില്‍ അടുത്ത രണ്ട് വര്‍ഷം കൊണ്ട് 2000 ആളില്ലാ ലെവല്‍ ക്രോസ്സുകള്‍ ഒഴിവാക്കുമെന്നും, അറുന്നൂറ് റെയില്‍വേ സ്‌റ്റേഷനുകള്‍ നവീകരിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. 25000-ത്തിലേറെ പ്രതിദിന യാത്രക്കാരെത്തുന്ന എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും എസ്‌കലേറ്റര്‍ സ്ഥാപിക്കുമെന്നും എല്ലാ ട്രെയിനുകളിലും സിസിടിവിയും വൈഫൈയും സ്ഥാപിക്കുമെന്നുംബജറ്റില്‍ പറയുന്നു. ബെംഗളൂരു മെട്രോയ്ക്കായി 17,000 കോടിയും മുംബൈ സബര്‍ബന്‍ പദ്ധതിക്കായി 11,000 കോടിയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. 

മുതിര്‍ന്ന പൗരന്‍മാര്‍ക്ക് നിരവിധി ഇളവുകള്‍ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ബാങ്കിലെ സ്ഥിര നിക്ഷേപത്തിന് കിട്ടുന്ന പലിശയ്ക്ക് അന്‍പതിനായിരം രൂപ വരെ നികുതി ഇളവ് നല്‍കും. മുതിര്‍ന്ന പൗരന്‍മാരുടെ ഇന്‍ഷുറന്‍സ് 50,000 രൂപ വരെ എടുക്കാമെന്നും ഇതിന് നികുതി ഇളവ് നല്‍കും. മുതിര്‍ന്ന പൗരന്‍മാര്‍ക്ക് കൂടുതല്‍ പലിശ നല്‍കുന്ന നിക്ഷേപപദ്ധതികളുടെ പരിധി പതിനഞ്ച് ലക്ഷമായി ഉയര്‍ത്തി.

2018-19 സാമ്പത്തിക വര്‍ഷത്തില്‍ ജിഎസ്ടിയിലൂടെ 7.44 കോടി ലഭിക്കുമെന്ന് ബജറ്റ് പ്രതീക്ഷിക്കുന്നു. രാഷ്ട്രപതി, ഉപരാഷ്ട്രപതി, എംപിമാര്‍, ഗവര്‍ണര്‍മാര്‍ എന്നിവരുടെ ശമ്പളം വര്‍ധിപ്പിച്ചു കൊണ്ടുള്ള പ്രഖ്യാപനവും ബജറ്റിലുണ്ടായിട്ടുണ്ട്. ആദായ നികുതിയില്‍ മാറ്റമില്ലെന്ന് മന്ത്രി അറിയിച്ചതോടെ ആദായനികുതി നിരക്കുകള്‍ മുന്‍പുള്ളത് പോലെ തുടരും. 

നിലവിലെ ആദായനികുതി ഘടന

2.5 ലക്ഷം മുതല്‍ 5 ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് 5 ശതമാനം ആദായനികുതി

5 ലക്ഷം മുതല്‍ 10 ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് 20 ശതമാനം നികുതി 

പത്ത് ലക്ഷത്തിന് മുകളില്‍ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് 30 ശതമാനം നികുതി