ഏത് ഫണ്ട് തിരഞ്ഞെടുത്താലും വിപണിയിലെ കയറ്റിറക്കങ്ങളില്‍ പതറാതെ ദീര്‍ഘകാലം നിക്ഷേപം തുടരുന്നതാണ് സമ്പത്ത് വളര്‍ത്താനുള്ള എളുപ്പവഴി.
ഓണ്‍ലൈന്‍ ആപ്പുകള്‍ വഴി ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നതുപോലെ ലളിതമാണ് ഇന്ന് മ്യൂച്വല്‍ ഫണ്ട് നിക്ഷേപം. എന്നാല്‍ രണ്ടായിരത്തിലധികം സ്‌കീമുകള്‍ മുന്നിലുള്ളപ്പോള്‍ ഏത് തിരഞ്ഞെടുക്കണം എന്ന കാര്യത്തില്‍ പല നിക്ഷേപകര്‍ക്കും ഇന്നും വലിയ ധാരണയില്ല. പലപ്പോഴും കഴിഞ്ഞ വര്‍ഷങ്ങളിലെ ലാഭം മാത്രം നോക്കിയാണ് പലരും പണം മുടക്കുന്നത്. എന്നാല്‍ നിങ്ങളുടെ റിസ്‌ക് എടുക്കാനുള്ള ശേഷിയും സാമ്പത്തിക ലക്ഷ്യങ്ങളും അനുസരിച്ചാണോ ഫണ്ട് തിരഞ്ഞെടുത്തിരിക്കുന്നത് എന്ന് പരിശോധിക്കേണ്ടതുണ്ട്.പ്രധാനമായും ഓഹരി വിപണിയിലെ കമ്പനികളുടെ വലിപ്പം അനുസരിച്ച് മ്യൂച്വല്‍ ഫണ്ടുകളെ മൂന്നായി തിരിക്കാം
ലാര്‍ജ് ക്യാപ്: ഏറ്റവും വലിയ 100 കമ്പനികള്‍. റിസ്‌ക് കുറവ്, സ്ഥിരതയുള്ള വരുമാനം.
മിഡ് ക്യാപ്: 101 മുതല്‍ 250 വരെയുള്ള ഇടത്തരം കമ്പനികള്‍. വളര്‍ച്ചാ സാധ്യതയുണ്ടെങ്കിലും ലാര്‍ജ് ക്യാപ്പിനേക്കാള്‍ റിസ്‌ക് കൂടുതലാണ്.
സ്‌മോള്‍ ക്യാപ്: 250-ന് താഴെയുള്ള ചെറുകിട കമ്പനികള്‍. വലിയ ലാഭത്തിന് സാധ്യതയുണ്ടെങ്കിലും വിപണി ഇടിയുമ്പോള്‍ വന്‍ തകര്‍ച്ചയ്ക്കും സാധ്യതയുണ്ട്.
ഈ മൂന്ന് വിഭാഗങ്ങളിലും ഒരേപോലെ നിക്ഷേപം നടത്തുന്ന രണ്ട് പ്രധാന ഫണ്ടുകളാണ് മള്‍ട്ടി ക്യാപ് ഫണ്ടുകളും ഫ്‌ലെക്‌സി ക്യാപ് ഫണ്ടുകളും. ഇവ തമ്മിലുള്ള വ്യത്യാസം എന്താണെന്ന് നോക്കാം.
എന്താണ് മള്‍ട്ടി ക്യാപ് ഫണ്ട്?
പേരുപോലെ തന്നെ എല്ലാത്തരം കമ്പനികളിലും ഒരു നിശ്ചിത ശതമാനം നിക്ഷേപം നിര്‍ബന്ധമാക്കിയ ഫണ്ടാണിത്. സെബി നിയമപ്രകാരം ഒരു മള്‍ട്ടി ക്യാപ് ഫണ്ട് അതിന്റെ നിക്ഷേപത്തിന്റെ 75 ശതമാനമെങ്കിലും ഓഹരികളില്‍ നിക്ഷേപിക്കണം. ഇതില്‍ :25% ലാര്‍ജ് ക്യാപ് കമ്പനികളില്‍ 25% മിഡ് ക്യാപ് കമ്പനികളില്‍ 25% സ്‌മോള്‍ ക്യാപ് കമ്പനികളില്‍ ബാക്കി 25% ഫണ്ട് മാനേജരുടെ താല്പര്യപ്രകാരം എവിടെ വേണമെങ്കിലും നിക്ഷേപിക്കാം. ഇവിടെ മിഡ് ക്യാപ്പിലും സ്‌മോള്‍ ക്യാപ്പിലും നിര്‍ബന്ധമായും 50% നിക്ഷേപം വരുന്നതുകൊണ്ട് വിപണി ഇടിയുന്ന സമയത്ത് ഈ ഫണ്ടുകളില്‍ വലിയ ഇടിവുണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഉയര്‍ന്ന റിസ്‌ക് എടുക്കാന്‍ തയ്യാറുള്ളവര്‍ക്ക് മാത്രമേ ഇത് അനുയോജ്യമാകൂ.
എന്താണ് ഫ്‌ലെക്‌സി ക്യാപ് ഫണ്ട്?
ഇവിടെ ഫണ്ട് മാനേജര്‍ക്കാണ് കൂടുതല്‍ സ്വാതന്ത്ര്യം. ആകെ നിക്ഷേപത്തിന്റെ 65% ഓഹരികളില്‍ ആയിരിക്കണം എന്ന് മാത്രമേ നിബന്ധനയുള്ളൂ. ലാര്‍ജ്, മിഡ്, സ്‌മോള്‍ ക്യാപ്പുകളില്‍ എത്ര ശതമാനം വീതം വേണമെന്ന് നിയമമില്ല. വിപണിയുടെ അവസ്ഥ അനുസരിച്ച് ഫണ്ട് മാനേജര്‍ക്ക് നിക്ഷേപം മാറ്റാം. ഉദാഹരണത്തിന്, വിപണി മോശമാണെങ്കില്‍ ലാര്‍ജ് ക്യാപ് കമ്പനികളിലേക്ക് കൂടുതല്‍ പണം മാറ്റാനും വിപണി ഉണരുമ്പോള്‍ സ്‌മോള്‍ ക്യാപ്പിലേക്ക് നിക്ഷേപം കൂട്ടാനും മാനേജര്‍ക്ക് സാധിക്കും.
മള്‍ട്ടി ക്യാപും ഫ്‌ലെക്‌സി ക്യാപും തമ്മിലുള്ള വ്യത്യാസം
നിങ്ങളുടെ ലക്ഷ്യം ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള വലിയ ലാഭമാണെങ്കില്‍, വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ സഹിക്കാന്‍ ശേഷിയുണ്ടെങ്കില്‍ മള്‍ട്ടി ക്യാപ് ഫണ്ടുകള്‍ തിരഞ്ഞെടുക്കാം. എന്നാല്‍ നിക്ഷേപത്തില്‍ വലിയ ഇടിവുകള്‍ ആഗ്രഹിക്കാത്ത, ഫണ്ട് മാനേജരുടെ തീരുമാനങ്ങളില്‍ വിശ്വാസമര്‍പ്പിക്കുന്ന നിക്ഷേപകര്‍ക്ക് ഫ്‌ലെക്‌സി ക്യാപ് ഫണ്ടുകളാണ് ഉചിതം.നിങ്ങളുടെ പോര്‍ട്ട്ഫോളിയോയില്‍ സ്ഥിരതയ്ക്കായി ഫ്‌ലെക്‌സി ക്യാപ്പും വളര്‍ച്ചയ്ക്കായി മള്‍ട്ടി ക്യാപ്പും ഉള്‍പ്പെടുത്തുന്നതിലും തെറ്റില്ല. ഏത് ഫണ്ട് തിരഞ്ഞെടുത്താലും വിപണിയിലെ കയറ്റിറക്കങ്ങളില്‍ പതറാതെ ദീര്‍ഘകാലം നിക്ഷേപം തുടരുന്നതാണ് സമ്പത്ത് വളര്‍ത്താനുള്ള എളുപ്പവഴി.


