ദില്ലി: ക്യാഷ്‍ലെസ് ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ഭാരത് ഇന്റര്‍ഫേസ് ഫോര്‍ മണി (ഭീം) ആപ്പിന് പുതുജീവന്‍ നല്‍കാനുള്ള രണ്ട് പദ്ധതികളാണ് ഇന്ന് ബജറ്റില്‍ പ്രഖ്യാപിച്ചത്. 12.5 മില്യന്‍ പേരാണ് ഇതിനോടകം ഭീം ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. റഫറല്‍ ബോണസ്, വ്യാപാരികള്‍ക്കുള്ള ക്യാഷ് ബാക്ക് എന്നിവയാണ് ഇന്ന് ബജറ്റില്‍ ധനകാര്യ മന്ത്രി പ്രഖ്യാപിച്ചത്.
ഭീം ആപ്പ് ഉപയോഗിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് മറ്റൊരാളെ ആപ്പ് ഉപയോഗിക്കാന്‍ ക്ഷണിക്കാനുള്ള സൗകര്യമുണ്ട്. ഇത് പ്രകാരം ക്ഷണിക്കപ്പെടുന്ന ഒരാള്‍ ആപ് ഇന്‍സ്റ്റാള്‍ ചെയ്താല്‍ ക്ഷണിക്കുന്ന ആളിന് ആനുകൂല്യങ്ങള്‍ നല്‍കുന്നതാണ് റഫറല്‍ ബോണസ്. പല മൊബൈല്‍ ആപ്പുകളും ഇപ്പോള്‍ തന്നെ ഈ രീതി നടപ്പിലാക്കിയിട്ടുണ്ട്. ഇതിന് പുറമേ ഭീം ആപ്പ് വഴി പണം സ്വീകരിക്കുന്ന വ്യാപാരികള്‍ക്ക് അധിക ആനുകൂല്യങ്ങളും ഉടനെ സര്‍ക്കാര്‍ പ്രഖ്യാപിക്കും. ഡിജിറ്റല്‍ പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കാനും അതിനുള്ള അടിസ്ഥാന സൗകര്യ വികസനത്തിനും വലിയ പ്രാധാന്യമാണ് ബജറ്റില്‍ നല്‍കിയിരിക്കുന്നത്.
