രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ ആവശ്യപ്പെടുന്ന മാറ്റങ്ങളാണ് നോട്ട് നിരോധനവും ജി.എസ്.ടിയുമെന്ന് ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു അഭിപ്രായപ്പെട്ടു. നല്ല മാറ്റങ്ങള്‍ കൊണ്ടുവരാന്‍ പരിഷ്കാരങ്ങള്‍ക്ക് കഴിഞ്ഞു. പൗരന്മാര്‍ അഭിമാനം കൊള്ളേണ്ട വ്യവസായ മേഖലയാണ് ഇന്ത്യയുടേതെന്നും ഉപരാഷ്‌ട്രപതി കൊച്ചിയില്‍ പറഞ്ഞു. കൊച്ചിന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ 160 -ാമത് വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇന്ത്യയുടെയും കേരളത്തിന്റെയും വ്യാവസായിക, സാമൂഹിക നേട്ടങ്ങള്‍ എടുത്തുപറഞ്ഞായിരുന്നു വാര്‍ഷികാഘോഷ വേദിയിലെ ഉപരാഷ്‌ട്രപതിയുടെ പ്രസംഗം. വികസന കാര്യത്തില്‍ കേരളം മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയായെന്ന് അദ്ദേഹം അഭിനന്ദിച്ചു. വിമര്‍ശനങ്ങള്‍ നേരിടുന്നുണ്ടെങ്കിലും രാജ്യത്ത് മാറ്റങ്ങള്‍ കൊണ്ടി വരാന്‍ നോട്ട് നിരോധനമടക്കമുള്ള പരിഷ്കാരങ്ങള്‍ക്കായി. കള്ളപ്പണമെത്രയെന്ന് ജനങ്ങളെ ബോധിപ്പിക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനും റിസര്‍വ് ബാങ്കിനുമുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. വിദേശ നിക്ഷേപങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന നമ്മള്‍ രാജ്യത്തിന്റെ വ്യവസായ മേഖലക്ക് ഊന്നല്‍ നല്‍കണമെന്നും ഉപരാഷ്‌ട്രപതി അഭിപ്രായപ്പെട്ടു.

തീവ്രവാദം പോലെയുള്ള സാമൂഹിക വിപത്തിനെ തുരത്താന്‍ കൂടി കഴിഞ്ഞാല്‍ രാജ്യം വലിയ പുരോഗതി കൈവരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗെയ്ല്‍ പദ്ധതി ഈ സര്‍ക്കാറിന്റെ കാലയളവില്‍ തന്നെ പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി കെ.ടി ജലീല്‍ പറഞ്ഞു. ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രീസിന്റെ ആഘോഷ പരിപാടിക്ക് ശേഷം രണ്ട് ദിവസത്തെ കൊച്ചി സന്ദര്‍ശനം പൂര്‍ത്തിയാക്കി ഉപരാഷ്‌ട്രപതി മടങ്ങി.