1,07,200 കോടി രൂപയ്ക്കാണ് ഫ്ലിപ്കാർട്ടിന്റെ ഭൂരിപക്ഷം ഓഹരികളും വാൾമാർട്ട് സ്വന്തമാക്കിയത്.
ഗുരുഗ്രാം: ഇ-കൊമേഴ്സ് കമ്പനിയായ ഫ്ലിപ്കാർട്ടിനെ വാൾമാർട്ട് ഏറ്റെടുത്തു. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം അൽപസമയത്തിനകം വാൾമാർട്ടിൽ നിന്നുണ്ടാവും. ഫ്ലിപ്കാർട്ടിന്റെ 77 ശതമാനം ഓഹരികൾ ഏറ്റെടുത്തു കൊണ്ടാണ് അമേരിക്കൻ കമ്പനിയായ വാൾമാർട്ട് ഇന്ത്യൻ വിപണിയിലേക്ക് രംഗപ്രവേശനം ചെയ്യുന്നത്.
1,07,200 കോടി രൂപയ്ക്കാണ് ഫ്ലിപ്കാർട്ടിന്റെ ഭൂരിപക്ഷം ഓഹരികളും വാൾമാർട്ട് സ്വന്തമാക്കിയത്. ഇന്ത്യൻ വ്യവസായ ചരിത്രത്തിൽ ഇത്രയും ഉയർന്ന തുകയ്ക്ക് ഒരു കമ്പനിയെ ഏറ്റെടുക്കുന്നത് ഇതാദ്യമായാണ്. 2007-ൽ ബെംഗളൂരു ആസ്ഥാനമായാണ് ഫ്ലിപ്കാർട്ട് പ്രവർത്തനം ആരംഭിക്കുന്നത്.
ദില്ലി ഐഐടിയിലെ വിദ്യാർത്ഥികളും മുൻ ആമസോൺ ജീവനക്കാരുമായ സച്ചിൻ ബൻസൽ, ബിന്നി ബൻസൽ എന്നിവർ ചേർന്നാണ് ഫ്ലിപ്കാർട്ടിന് തുടക്കം കുറിച്ചത്. ആരംഭകാലത്ത് പുസ്തക വിൽപനയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ഫ്ലിപ്കാർട്ട് പിൻക്കാലത്ത് ഇ-കൊമേഴ്സ് രംഗത്തെ മുൻനിര കമ്പനിയായി മാറുകയായിരുന്നു.
