മുംബൈ: രാജ്യത്തെ 81 ലക്ഷം ആധാര്‍ കാര്‍ഡുകള്‍ അസാധുവാക്കിയെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. കേന്ദ്ര ഇലക്ട്രോണിക്സ്, ഐ.ടി സഹമന്ത്രി പി.പി ചൗധരിയാണ് ഇക്കാര്യം പാര്‍ലമെന്റിനെ അറിയിച്ചത്. ആധാര്‍ നിയമത്തിലെ 27, 28 വകുപ്പുകള്‍ പ്രകാരമുള്ള വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കാര്‍ഡുകള്‍ അസാധുവാക്കിയത്. എന്നാല്‍ ഓരോ സംസ്ഥാനത്തും എത്ര കാര്‍ഡുകള്‍ വീതം അസാധുവാക്കി എന്നത് സംബന്ധിച്ച വിവരങ്ങള്‍ യുനീക് ഐഡന്റിഫിക്കേഷന്‍ അതോരിറ്റി സൂക്ഷിക്കുന്നില്ലെന്നും അതോരിറ്റിയുടെ റീജ്യനല്‍ ഓഫീസുകള്‍ക്ക് കാര്‍ഡുകള്‍ അസാധുവാക്കാന്‍ അധികാരമുണ്ടെന്നും മന്ത്രി പറഞ്ഞു. 

111 കോടി ആധാര്‍ കാര്‍ഡുകളാണ് ഇതുവരെ വിതരണം ചെയ്തിട്ടുള്ളത്. ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കുന്നതിനാല്‍ തട്ടിപ്പുകള്‍ക്കുള്ള സാധ്യത ആധാറില്‍ കുറവാണെന്നാണ് സര്‍ക്കാറിന്റെ വിലയിരുത്തല്‍. ഇക്കാരണത്താലാണ് ആദായ നികുതി റിട്ടേണുകള്‍ക്കും മറ്റ് സാമ്പത്തിക ഇടപാടുകള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കുന്നത്. വ്യാജ വിവരങ്ങള്‍ നല്‍കി സംഘടിപ്പിച്ച 11.46 ലക്ഷം പാന്‍ കാര്‍ഡുകള്‍ കേന്ദ്ര സര്‍ക്കാര്‍ നേരത്തെ റദ്ദാക്കിയിരുന്നു. ആകെ 25 കോടി പാന്‍ കാര്‍ഡുകളാണ് കേന്ദ്ര ആദായ നികുതി വകുപ്പ് നല്‍കിയിരുന്നത്. 

നിങ്ങളുടെ ആധാര്‍ നമ്പര്‍ എങ്ങനെ പരിശോധിക്കാം.
യുനീക് ഐഡന്റിഫിക്കേഷന്‍ അതോരിറ്റിയാണ് ആധാര്‍ കാര്‍ഡുകള്‍ നല്‍കുന്നത്. അതോരിറ്റിയുടെ വെബ്സൈറ്റായ https://uidai.gov.in തുറന്ന് ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും അവരവരുടെ ആധാര്‍ കാര്‍ഡിന്റെ സാധുത പരിശോധിക്കാം. വെബ്സൈറ്റ് തുറന്ന ശേഷം Aadhar Services എന്ന ടാബിന് കീഴിലുള്ള Verify Aadhar Number എന്ന ഓപ്ഷന്‍ ഉപയോഗിച്ചാണ് ആധാര്‍ കാര്‍ഡുകള്‍ പരിശോധിക്കാന്‍ കഴിയുന്നത്.