ദില്ലി: അത്യാധുനിക യാത്രസംവിധാനമായ ഹൈപ്പര്‍ലൂപ്പ് ഇന്ത്യയില്‍ നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍. അടിസ്ഥാനസൗകര്യരംഗത്ത് വിപ്ലവകരമായ മാറ്റങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നതെന്നും ഹൈപ്പര്‍ലൂപ്പ് അടക്കമുള്ള ആധുനിക സാങ്കേതികവിദ്യകളുടെ കേന്ദ്രമായി ഇന്ത്യയെ മാറ്റാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും ഒരു സെമിനാറില്‍ പങ്കെടുത്തു സംസാരിക്കവേ റെയില്‍വേ മന്ത്രി പറഞ്ഞു. 

നൂറ്റാണ്ട് പഴക്കമുള്ള സാങ്കേതികവിദ്യയുമായാണ് ഇത്രകാലവും ഇന്ത്യന്‍ റെയില്‍വേ പ്രവര്‍ത്തിച്ചത്. മോദി സര്‍ക്കാര്‍ വന്ന ശേഷം റെയില്‍വേയുടെ നവീകരണചിലവ് മൂന്നിരട്ടിയായി ഉയര്‍ന്നു. ഇതിന്റെ ഗുണഫലങ്ങള്‍ നമ്മുക്കിപ്പോള്‍ ലഭിച്ചു തുടങ്ങിയിട്ടുണ്ട്. 

നാല്‍പ്പത് വര്‍ഷം മുന്‍പ് രാജധാനി ട്രെയിന്‍ അവതരിപ്പിച്ചതാണ് അവസാനം റെയില്‍വേയില്‍ വന്ന പ്രധാന നവീകരണം. ആ അവസ്ഥയില്‍ നിന്നും ബുള്ളറ്റ് ട്രെയിനും സെമി-ബുള്ളറ്റ് ട്രെയിനുകളും യഥാര്‍ത്ഥ്യമാക്കുന്നതിലേക്ക് ഇന്ന് റെയില്‍വേ എത്തി. ഇനി ഹൈപ്പര്‍ലൂപ്പ് പോലുള്ള ആധുനികസങ്കേതിക സംവിധാനങ്ങളുടെ കാലമാണ്, വൈകാതെ തന്നെ അവ ഇന്ത്യയിലുമെത്തും. മാത്രമല്ല ഹൈപ്പര്‍ലൂപ്പിന്റെ നിര്‍മാണകേന്ദ്രമായി ഇന്ത്യയെ നാം മാറ്റുകയും ചെയ്യും -പീയുഷ് ഗോയല്‍ പറയുന്നു.