ന്യൂഡല്‍ഹി: ബാങ്ക് അക്കൗണ്ട് മുതല്‍ മൊബൈല്‍ കണക്ഷനെടുക്കാന്‍ വരെ രാജ്യത്ത് ആധാര്‍ നിര്‍ബന്ധമാക്കിക്കൊണ്ടിരിക്കുയാണ്. എന്നാല്‍ നിയമപ്രകാരം കഴിഞ്ഞ 12 മാസത്തിനിടെ 182 ദിവസമെങ്കിലും ഇന്ത്യയില്‍ താമസിച്ചവര്‍ക്ക് മാത്രമേ 12 അക്ക ആധാര്‍ നമ്പര്‍ അനുവദിക്കുകയുള്ളൂ. അതുകൊണ്ടുതന്നെ വര്‍ഷങ്ങളായി വിദേശത്ത് താമസിക്കുകയും വര്‍ഷത്തില്‍ ഒന്നോ രണ്ടോ മാസം മാത്രം നാട്ടില്‍ നില്‍ക്കുകയോ ചെയ്യുന്ന പ്രവാസികളെ സംബന്ധിച്ച് ആധാര്‍ വലിയ ആശങ്കയായി തുടരുകയാണ്.
പ്രവാസികളും വിദേശ ഇന്ത്യന്‍ പൗരന്മാരും ഇന്ത്യന്‍ വംശജകും ആധാര്‍ നമ്പര്‍ ബന്ധിപ്പിക്കേണ്ടതില്ലെന്ന് കഴിഞ്ഞ ദിവസം യുനീക് ഐഡന്റിഫിക്കേഷന്‍ അതോരിറ്റി അറിയിച്ചിരുന്നു. എന്നാല്‍ പകരം എന്ത് ചെയ്യണമെന്ന് പലര്‍ക്കും വ്യക്തതയില്ല. ആധാര്‍ സേവനങ്ങള്‍ നല്‍കുന്ന സര്‍ക്കാര്‍ ഏജന്‍സിയായ യുനീക് ഐഡന്റിഫിക്കേഷന്‍ അതോരിറ്റി ഓഫ് ഇന്ത്യ നവംബര്‍ 15നാണ് കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകള്‍ക്കും സംസ്ഥാന സര്‍ക്കാറുകള്‍ക്കും പ്രവാസികളെ സംബന്ധിക്കുന്ന അറിയിപ്പ് നല്‍കിയത്. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പലതും പ്രവാസികളോടും ആധാര്‍ ഹാജരാക്കാന്‍ ആവശ്യപ്പെടുന്നുവെന്ന പരാതികള്‍ ലഭിച്ച സാഹചര്യത്തിലായിരുന്നു ഇത്. പ്രവാസികള്‍ക്ക് ആധാര്‍ ലഭിക്കില്ലെന്നും അതുകൊണ്ട് തന്നെ അവരോട് സര്‍ക്കാര്‍, ഇതര സേവനങ്ങള്‍ക്കായി ആധാര്‍ ഹാജരാക്കാന്‍ ആവശ്യപ്പെടരുതെന്ന് അറിയിപ്പില്‍ പറയുന്നു. അതുകൊണ്ട് തന്നെ പ്രവാസികള്‍ക്ക് ആധാര്‍ ബന്ധിപ്പിക്കാതെ തന്നെ സേവനങ്ങള്‍ നല്‍കേണ്ടി വരും.
എന്നാല്‍ പ്രവാസികളാണെന്ന് അവകാശപ്പെടുന്നവര്‍ യഥാര്‍ത്ഥത്തില്‍ പ്രവാസികളാണെന്ന് ബന്ധപ്പെട്ട ഏജന്‍സികള്‍ പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് യുനീക് ഐഡന്റിഫിക്കേഷന്‍ അതോരിറ്റി അറിയിച്ചിട്ടുണ്ട്. ഇതിനായി ഒരു സംവിധാനത്തിന് രൂപം നല്‍കണമെന്നും നിര്‍ദ്ദേശമുണ്ട്. അതുകൊണ്ടുതന്നെ പ്രവാസികള്‍ അത് തെളിയിക്കാനുള്ള രേഖകള്‍ ഹാജരാക്കി വന്നേക്കും. മൊബൈല്‍ കമ്പനികളും ബാങ്കുകളും അടക്കമുള്ളവര്‍ പ്രവാസികള്‍ക്കായി പ്രത്യേകം സംവിധാനം സജ്ജീകരിക്കേണ്ടി വരും.
