ന്യൂഡല്‍ഹി: വൈകി വന്ന യാത്രക്കാരിക്ക് ബോര്‍ഡിങ് പാസ് നിഷേധിച്ചതിനെ തുടര്‍ന്ന് വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ ജീവനക്കാരിയും യാത്രക്കാരിയും തമ്മില്‍ പൊരിഞ്ഞ തല്ല്. ന്യൂഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു സംഭവം. 

ഹൈദരാബാദിലേക്ക് പോകേണ്ടിയിരുന്ന യാത്രക്കാരി ചെക്ക് ഇന്‍ സമയം കഴിഞ്ഞാണ് വിമാനത്താവളത്തിലെത്തിയത്. കൗണ്ടറിലുണ്ടായിരുന്ന ജീവനക്കാരന്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി ബോര്‍ഡിങ് പാസ് നിഷേധിച്ചു. ഇത് തര്‍ക്കത്തിനിടയാക്കിയപ്പോള്‍ ജീവനക്കാരന്‍ യാത്രക്കാരിയെ വനിതാ ഡ്യൂട്ടി മാനേജരുടെ അടുത്തെത്തിച്ചു. തുടര്‍ന്ന് അവിടെ വെച്ചു വാഗ്വാദവും വെല്ലുവിളിയും നടന്നു. ഇതിനിടെ യാത്രക്കാരി മാനേജരെ തല്ലി. പ്രകോപിതയായ മാനേജര്‍ തിരിച്ചും തല്ലിയെന്ന് എയര്‍പോര്‍ട്ട് ഡെപ്യൂട്ടി കമ്മീഷണര്‍ സഞ്ജയ് ഭാട്ടിയ പറഞ്ഞു. തുടര്‍ന്ന് യാത്രക്കാരി തന്നെ പൊലീസിനെ വിളിച്ചു. ശേഷം ഇരുവരും മാപ്പ് പറഞ്ഞ് പ്രശ്നം രമ്യമായി പരിഹരിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.