ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിന്റെ അലയൊലികള്‍ ഒരു വര്‍ഷത്തിന് ശേഷവും രാജ്യത്ത് അടങ്ങിയിട്ടില്ല. സാധാരണക്കാരെ മുതല്‍ വന്‍വ്യവസായികള്‍ വരെയുള്ളവരെ പല തരത്തില്‍ ബാധിച്ച നോട്ട് നിരോധനം ക്യാഷ്‍ലെസ് സമ്പദ്‍വ്യവസ്ഥയിലേക്കുള്ള ആദ്യപടിയായിരുന്നുവെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ അവകാശപ്പെടുന്നത്. ഇതേ ലക്ഷ്യം വെച്ച് അടുത്ത വലിയ നടപടിക്കാണ് ഇനി കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നതെന്ന് റിപ്പോര്‍ട്ടുകള്‍. 

രാജ്യത്ത് ചെക്ക് വഴിയുള്ള ഇടപാടുകള്‍ പൂര്‍ണ്ണമായും സര്‍ക്കാര്‍ തടയാന്‍ സാധ്യതയുണ്ടെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് സെക്രട്ടറിയും ജി.എസ്.ടി കൗണ്‍സില്‍ അംഗവുമായ പ്രവീണ്‍ ഖന്ദന്‍വാള്‍ പറഞ്ഞു. കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സും മാസ്റ്റര്‍ കാര്‍ഡും സംയുക്തമായി സംഘടിപ്പിച്ച 'ഡിജിറ്റല്‍ രാത്' പരിപാടിക്കിടെയായിരുന്നു മാധ്യമ പ്രവര്‍ത്തകരോട് അദ്ദേഹം ഇത് പറഞ്ഞത്.

കറന്‍സി നോട്ടുകള്‍ അച്ചടിക്കുന്നതിനായി സര്‍ക്കാര്‍ 25,000 കോടി രൂപയാണ് ചെലവഴിക്കുന്നത്. നോട്ടുകള്‍ക്ക് സുരക്ഷ ഒരുക്കാനും വിവിധ സ്ഥലങ്ങളില്‍ എത്തിക്കുന്നതിനുമായി 6000 കോടി രൂപ വേറെയും ചെലവാക്കുന്നു. രാജ്യത്ത് 95 ശതമാനം ഇടപാടുകളും പണം വഴിയോ ചെക്ക് വഴിയോ ആണ് നടക്കുന്നത്. പണമിടപാടുകള്‍ നോട്ട് നിരോധനത്തോടെ കുറഞ്ഞതിനാല്‍ ഇപ്പോള്‍ ചെക്ക് ഇടപാടുകള്‍ കൂടിയിട്ടുണ്ട്. ഡിജിറ്റല്‍ മാര്‍ഗ്ഗത്തിലുള്ള പണം കൈമാറ്റം പ്രോത്സാഹിപ്പിക്കാനാണ് ഇതിനും നിയന്ത്രണം കൊണ്ടുവരാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാറിന്റെ ഔദ്ദ്യോഗിക പ്രതികരണങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.