15 വയസുള്ള സെലസ്റ്റെ എന്ന കൗമാരക്കാരി പിതാവിനെ നഷ്‌ടപ്പെട്ട ശേഷം വൈകാരികമായി പൊരുതുന്നതാണ് ക്വയ്‌ര്‍പോ സെലസ്‌തെയുടെ ഇതിവൃത്തം. സെലസ്റ്റെയുടെ വികാസത്തിനൊപ്പം വളരുന്ന കമിംഗ്-ഏജ് ഡ്രാമയാണ് 97 മിനിറ്റ് ദൈര്‍ഘ്യമുള്ള ക്വയ്‌ര്‍പോ സെലസ്‌തെ.

ചിലിയിലെ പിനോഷെ ഭരണകൂടത്തിന്‍റെ ക്രൂര ചെയ്‌തികള്‍ പ്രതിപാദിച്ച ഒട്ടേറെ സിനിമകള്‍ മുമ്പ് ഇറങ്ങിയിട്ടുണ്ടെങ്കിലും പിനോഷെയുടെ ഏകാധിപത്വത്തിന്‍റെ അവസാന കാലത്ത് നടക്കുന്ന കഥയാണ് നയാര ഇലിക് ഗാര്‍സ്യ (Nayra Ilic García) എന്ന വനിത സംവിധായികയുടെ ക്വയ്‌ര്‍പോ സെലസ്‌തെ (Cuerpo Celeste). 1990-കളില്‍ പിനോഷെ ഭരണകൂടം അതിന്‍റെ അസ്‌മയത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ഒരു മധ്യവര്‍ഗ കുടുംബം വലിയൊരു ദുരന്തത്തില്‍പ്പെട്ട് തകരുന്നതും, അന്ന് 15 വയസുള്ള സെലസ്റ്റെ എന്ന കൗമാരക്കാരി അവിടെ നിന്ന് വൈകാരികമായി പൊരുതുന്നതുമാണ് ക്വയ്‌ര്‍പോ സെലസ്‌തെയുടെ ഇതിവൃത്തം. സെലസ്റ്റെയുടെ വികാസത്തിനൊപ്പം വളരുന്ന കമിംഗ്-ഏജ് ഡ്രാമയാണ് പൂര്‍ണമായും ചിലിയന്‍ ഭാഷയില്‍ 97 മിനിറ്റ് ദൈര്‍ഘ്യമുള്ള ക്വയ്‌ര്‍പോ സെലസ്‌തെ.

ക്വയ്‌ര്‍പോ സെലസ്‌തെ

തൊണ്ണൂറുകളിലെ ഒരു പുതുവത്സര രാത്രിയില്‍ പതിനഞ്ച് വയസുകാരിയായ സെലസ്‌തെയും (Helen Mrugalski) അവളുടെ കുടുംബവും ചിലിയില്‍ തന്നെയുള്ള അറ്റകാമ മരുഭൂമിയിലേക്ക് ഒരു അവധിക്കാല യാത്ര പോവുകയാണ്. ഫോസിലുകള്‍ തേടിയലയുന്ന ആര്‍ക്കിയോളജിസ്റ്റുകളാണ് സെലസ്‌തെയുടെ മാതാപിതാക്കളായ അലോന്‍സോയും (Nestor Cantillana), കോണ്‍സുലോയും (Daniela Ramirez). ഫോസിലുകള്‍ ഏറെയുള്ള അറ്റകാമയിലെ സുന്ദരമായ ഒരു ബീച്ചില്‍ അവരുടെ അവധിയാഘോഷം പൊടിപൊടിക്കുന്നു. എന്നാല്‍ ആ സുന്ദര ബീച്ച് അപ്രതീക്ഷിതമായി ഒരു ദുരന്ത ഭൂമിയായി മാറുകയാണ്. അവിടെ വച്ചുണ്ടാകുന്ന ഒരു ആകസ്‌മിക ദുരന്തം സെലസ്‌തെയേയും അവളുടെ അമ്മയെയും വൈകാരികമായി വീഴ്ത്തുന്നു. അതുവരെ സ്‌‌ക്രീനില്‍ ഏറ്റവും നിറഞ്ഞിരുന്ന അലോന്‍സോ എന്ന പിതാവ് ഓര്‍മ്മകള്‍ മാത്രമായി അവശേഷിക്കുകയാണ്. സെലസ്‌തെയെ അമ്മ അവരുടെ ആന്‍റിക്കൊപ്പം പറഞ്ഞയക്കുകയാണ്. പിന്നീട് ഏതാണ്ട് ഒരു വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം ഒരു സൂര്യഗ്രഹണത്തിനരികെ അമ്മയും മകളും വീണ്ടും ഒന്നുചേരുന്നു. അപ്പോഴേക്കും സെലസ്‌തെ ഏറെ മുതിര്‍ന്നിരുന്നു, മാറിയിരുന്നു.

സൂര്യഗ്രഹണം കാണാനെന്ന വ്യാജേന, തന്‍റെ പിതാവിനെ നഷ്‌ടമായ ആ തീരത്തേക്ക് സെലസ്‌തെ പിന്നീട് എത്തുന്നുണ്ടെങ്കിലും അത് അവള്‍ക്ക് ഉള്‍ക്കൊള്ളാനാവുന്നതിലും അപ്പുറമായിരുന്നു. അത് സെലസ്‌തെയ്‌ക്ക് തിരിച്ചറിവുകളുടെ കൂടി കാലമാണ്. പിനോഷെ ഭരണകൂടത്തിന്‍റെ ഏകാധിപത്യത്തില്‍ നിന്നുള്ള ചിലിയുടെ ട്രാന്‍സിഷനൊപ്പം ആലങ്കാരികമായി സെലസ്‌തെയുടെ ജീവിതവും മാറുന്നു. അവളൊരു മുതിര്‍ന്ന കൗമാരക്കാരിയാവുകയും, പിതാവിനെ നഷ്‌ടപ്പെട്ട സെലസ്‌തെ പിന്നീടുള്ള തന്‍റെ ലോകം കണ്ടെത്താന്‍ ശ്രമിക്കുന്നതിലൂടെയുമാണ് ശാന്തമായി ക്വയ്‌ര്‍പോ സെലസ്‌തെ തിരശ്ശീലയില്‍ വികസിക്കുന്നത്.

ഹെലന്‍ പകര്‍ന്നാട്ടം

മനുഷ്യ വൈകാരിതകളെ അതിമനോഹരമായി പകര്‍ത്തിയ ഗാര്‍സ്യയുടെ കമിംഗ്-ഏജ് ഡ്രാമയാണ് ക്വയ്‌ര്‍പോ സെലസ്‌തെ. സന്തോഷം മുതല്‍ ദു:ഖം വരെയും, പ്രണയം മുതല്‍ മോഹഭംഗം വരെയും, ശബ്‌ദം മുതല്‍ നിശബ്‌ദത വരെയും, പ്രയാസം മുതല്‍ പോരാട്ടം വരെയും വികാരങ്ങള്‍ മാറിമറിയുന്നു. അചഞ്ചലമായ അവ്യക്തതയും സെലസ്‌തെയെ പിടികൂടുന്നു. അതില്‍ മൗനമുണ്ട്, ഉച്ചത്തിലുള്ള സ്വരമുണ്ട്... ഈ പ്രതിസന്ധികളില്‍ സെലസ്‌തെയുടെ അമ്മ കോണ്‍സുലോയും ഒറ്റപ്പെട്ടവളല്ല. ഇരുവരും തമ്മിലുള്ള നാടകീയ രംഗങ്ങളിലൂടെ ക്വയ്‌ര്‍പോ സെലസ്‌തെ അതിവൈകാരികമായി അവസാനിക്കുന്നു. ലളിതവും ആകർഷകവുമായ സിനിമാറ്റിക് ഭാഷയാണ് ക്വയ്‌ര്‍പോ സെലസ്‌തെയ്ക്ക് സംവിധായിക നയാര ഇലിക് ഗാര്‍സ്യ നല്‍കിയിരിക്കുന്നത്. സിനിമയുടെ ആദ്യ ഭാഗത്ത് സെലസ്‌തെയേക്കാള്‍ പ്രാധാന്യം പിതാവ് അലോന്‍സോയ്‌ക്കാണെങ്കിലും പിന്നീട് നാം കാണുന്നത് സെലസ്‌തെയുടെ അഭിനയ ചാരുതയാണ്. കമിംഗ്-ഏജ് സിനിമകളിലെ മനോഹര സൃഷ്‌ടി എന്ന നിലയില്‍ സെലസ്‌തെയുടെ വൈകാരികവും മാനസികവുമായ മാറ്റങ്ങളെ അനായാസം ശരീരഭാഷയില്‍ വിന്യസിച്ച ഹെലന്‍ എന്ന അഭിനേത്രി കൂടുതല്‍ കയ്യടി അര്‍ഹിക്കുന്നു.

Asianet News Live | Malayalam News Live | Kerala News | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്