ബിഗ് ബോസ് മലയാളം ഫിനാലെയ്ക്ക് മുന്നോടിയായി തിരിച്ചെത്തിയ മുൻ മത്സരാർത്ഥികൾ അനുമോൾക്കെതിരെ തിരിഞ്ഞിരുന്നു. താൻ കാരണം പുറത്ത് സൈബർ ആക്രമണം നേരിടുന്നുവെന്നും കുടുംബം വേദനിക്കുന്നുവെന്നും ശൈത്യ അനുമോളോട് കരഞ്ഞുകൊണ്ട് പറഞ്ഞു.
ബിഗ് ബോസ് മലയാളം സീസൺ 7 അവസാനിക്കാൻ പോകുകയാണ്. വെറും രണ്ട് ദിവസം മാത്രമാണ് ഗ്രാന്റ് ഫിനാലേയ്ക്ക് ബാക്കിയുള്ളത്. ഫിനാലേയോട് അനുബന്ധിച്ച് എവിക്ട് ആയിപ്പോയ മുൻ മത്സരാർത്ഥികൾ എല്ലാവരും ഹൗസിനുള്ളിൽ എത്തിയിരുന്നു. കിട്ടിയ അവസരം മുതലെടുത്തെന്ന തരത്തിൽ ശൈത്യ, അപ്പാനി, ആദില- നൂറ, ബിൻസി, അക്ബർ അടക്കം എല്ലാവരും അനുമോൾക്കെതിരെ തിരിയിരുകയും കടുത്ത ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്തത് വലിയ ചർച്ചയായിരുന്നു.
തന്നെ പുറത്ത് കട്ട എന്ന് വിളിക്കുന്നുവെന്ന് പറഞ്ഞ് വീണ്ടും അനുമോൾക്ക് മുന്നിൽ പൊട്ടിക്കരയുകയാണ് ശൈത്യ. അനുവും ശൈത്യയും സംസാരിക്കുമ്പോൾ അഭിലാഷും ഉണ്ടായിരുന്നു. "നീ പറഞ്ഞ കുറച്ച് കാര്യങ്ങൾ കാരണം എന്റെ ഫാമിലിക്ക് വലിയ വിഷമം ഉണ്ടായിട്ടുണ്ട്. അത് ജീവിത കാലം മുഴുവൻ നിൽക്കും. അതൊരിക്കലും പോകില്ല", എന്നാണ് ശൈത്യ പറഞ്ഞ് തുടങ്ങിയത്. "പറഞ്ഞ കാര്യങ്ങൾ എന്തൊക്കെയാ", എന്നാണ് അനുമോൾ തിരിച്ച് ചോദിച്ചത്.
"കട്ടപ്പ, അവള് പിന്നിൽ നിന്നും കുത്തിക്കൊണ്ടിരിക്കുവാ. അനുമോൾ നല്ലതാ.. അതൊക്കെ ഞാൻ പുറത്തിറങ്ങിയിട്ട് പറഞ്ഞ് തരാം. ഞാൻ നിന്റെ പിന്നിൽ നിന്നും വീണ്ടും വീണ്ടും കുത്തിക്കൊണ്ടിരിക്കുവാന്നാണ് പറയുന്നത്. നിന്നെ കുറിച്ച് കുറ്റം പറഞ്ഞോണ്ടിരിക്കുവ എന്നൊക്കെ", എന്ന് ശൈത്യ പറയുമ്പോൾ, "നീ അങ്ങനെ പറഞ്ഞോ എന്നെ പറ്റി"എന്നാണ് അനു ചോദിച്ചത്. ഇതിന് ഇല്ലെന്ന് ശൈത്യ മറുപടിയും നൽകി.
"പിന്നെ നീ എന്തിനാ പേടിക്കുന്നത്. നീ എന്തിനാണ് കമന്റ് നോക്കി ജീവിക്കുന്നത്. ഇതിന് മുൻപുള്ള സീസണുകളിലുള്ളവർ സൈബർ ബുള്ളിയിങ് ഏറ്റിട്ടില്ലേ", എന്ന് അനുമോൾ ചോദിക്കുന്നുണ്ട്. "അവരോടൊക്കെ നീ സംസാരിക്കണം. അവരുടെ മാനസികാവസ്ഥ അറിയണം. എന്നെ വിഷം എന്നും പാമ്പെന്നും പറയുന്നുണ്ട്. ആദ്യമെല്ലാം ഇതൊക്കെ തമാശ രീതിയിലാണ് എടുത്തോണ്ടിരുന്നത്. ഓരോരുത്തരും എന്തൊക്കെ വൃത്തികേടാ എന്നെ പറയുന്നതെന്ന് അറിയാമോ. നിന്നെ സപ്പോർട്ട് ചെയ്യാൻ വേണ്ടി എന്നെ എത്രത്തോളം കരിവാരിതേക്കാമോ അത്രത്തോളം ചെയ്ത്. എന്നെ ഇല്ലാതാക്കി കൊണ്ടിരിക്കുവ", എന്ന് ശൈത്യ മറുപടിയും നൽകി.
ഇതിനിടയിൽ പുറത്തെ കാര്യങ്ങൾ പറയാൻ പാടില്ലെന്ന് പറഞ്ഞ് ബിഗ് ബോസ് വാണിംഗ് നൽകിയതോടെ ശൈത്യ പൊട്ടിക്കരയുന്നത് പ്രേക്ഷകർക്ക് കാണാനായി. ഇപ്പോഴുള്ള കാര്യങ്ങൾ സംസാരിക്കൂവെന്ന് അഭിലാഷ് പറഞ്ഞപ്പോൾ, "ചേട്ടാ അവിടെ എന്റെ ഫാമിലി അനുഭവിച്ചു കൊണ്ടിരിക്കുവ. അതാർക്കും മനസിലാവില്ല. ഞാൻ മാത്രമല്ല എന്റെ ഫാമിലിയും അനുഭവിച്ചു കൊണ്ടിരിക്കുവ. പുറത്തെനിക്കൊരു ജീവിതം ഉണ്ട്. ഒരു കാര്യവും ഇല്ലാതെയാ ഓരോ പേരും എന്റെ തലയിലോട്ട് കയറുന്നത്. എന്നെ പറഞ്ഞോട്ടെ കുഴപ്പമില്ല. എന്റെ അച്ഛനും അമ്മയും കരഞ്ഞോണ്ടിരിക്കുവ. അതെനിക്ക് സഹിക്കാൻ പറ്റത്തില്ല", എന്ന് ഉറക്കെ പറഞ്ഞു കൊണ്ട് ശൈത്യ പൊട്ടിക്കരയുന്നുണ്ട്.



