ഒരു മഹാനഗരത്തിലെ അതിജീവനം, പ്രണയം, ബന്ധങ്ങളിലെ വെല്ലുവിളികൾ എന്നിവയ്‌ക്കൊപ്പം, വീട് എന്ന സങ്കല്പവും സാമൂഹിക അസമത്വങ്ങളും സഞ്ജു സുരേന്ദ്രന്റെ ഖിഡ്കി ഗാവ് ചർച്ച ചെയ്യുന്നു. സിനിമയുടെ റിവ്യു വായിക്കാം. 

മികച്ച പ്രേക്ഷക- നിരൂപക പ്രശംസകൾ നേടിയ 'ഏദൻ' എന്ന ചിത്രത്തിന് ശേഷം സഞ്ജു സുരേന്ദ്രൻ സംവിധാനം ചെയ്യുന്ന രണ്ടാം ഫീച്ചർ സിനിമയാണ് 'ഖിഡ്കി ഗാവ്' (If On A Winter's Night). ജോലിയുടെ ഭാഗമായി കേരളത്തിൽ നിന്നും ഡൽഹിയിലേക്കത്തുന്ന അഭി, സാറ എന്നീ പങ്കാളികളുടെ ജീവിതത്തിലെ കുറച്ച് നിമിഷങ്ങളാണ് സംവിധായകൻ ഖിഡ്കി ഗാവിലൂടെ അവതരിപ്പിക്കുന്നത്.

ഡൽഹിയിലെ ഒരു ഫിലിം ഫെസ്റ്റിവലുമായി ബന്ധപ്പെട്ട ഓഫീസിൽ കരാർ അടിസ്ഥാനത്തിൽ ജോലിയിൽ പ്രവേശിക്കാനാണ് സാറ ഡൽഹിയിലെത്തുന്നത്. അഭിയാണെങ്കിൽ തന്റെ ചിത്രകലാ പ്രദർശനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചെയ്യാനും മറ്റും പദ്ധതിയിട്ടാണ് വരുന്നത്. ഇരുവരും ഡൽഹിയിലെ ഒരു പ്രാന്തപ്രദേശമായ ഖിഡ്കി ഗാവിലാണ് താമസത്തിനായി ഒരു അപ്പാർട്ട്മെന്റ് എടുക്കുന്നത്. അടിസ്ഥാനവർഗ്ഗ മനുഷ്യരെ സംബന്ധിച്ച് വീട് എന്ന വികാരം പലപ്പോഴും അവരുടെ സ്വപ്നത്തിന്റെ കൂടെ ഭാഗമാണ്.

മറ്റൊരു നഗരത്തിലേക്ക് ജോലി ആവശ്യത്തിനായി പോകുമ്പോൾ വീടുമായി ബന്ധപ്പെട്ട ആഗ്രഹങ്ങളും ചിന്തകളും പലപ്പോഴും പാതിവഴിയിൽ ഉപേക്ഷിക്കാൻ മനുഷ്യർ നിർബന്ധിതരാവാറുണ്ട്. വീട്ടുടമസ്ഥൻ താമസിക്കുന്ന വീടിന് മുകളിലോ, ഇടുങ്ങിയ മുറികളുള്ള അപ്പാർട്ട്മെന്റുകളിലേക്കോ മറ്റോ തങ്ങളുടെ സ്വപ്നങ്ങളും ജീവിതവും ചുരുക്കാൻ അവർ തയ്യാറാവുന്നു. വീടുകളും അപ്പാർട്ട്മെന്റുകളും ഫ്ലാറ്റുകളും എത്രയൊക്കെ വാടക നൽകിയെടുത്താലും 'ഇത് നിങ്ങളുടേതല്ല' എന്ന തോന്നൽ നിരന്തരം ചിലർ നമ്മളിൽ ഉണ്ടാക്കിയെടുക്കും.

അഭിയെയും സാറയെയും സംബന്ധിച്ച് പുതുതായി എടുക്കുന്ന വീട്ടിൽ അവർ വളരെ സന്തോഷകരമായാണ് ജീവിതം മുന്നോട്ട് നയിക്കുന്നതെന്ന് കാണാൻ കഴിയും, അവരുടെ പ്രണയ നിമിഷങ്ങൾക്കും, സ്നേഹത്തിനും പിണക്കത്തിനും അവരുടെ വീട് സാക്ഷിയാവുന്നുണ്ട്.

സാറ കൃത്യമായി സ്വപ്നങ്ങളുള്ള, ജീവിതത്തോട് പ്രതീക്ഷ വച്ച് പുലർത്തുന്ന വ്യക്തിയാണ്. ഇമോഷണലി അൺഅവൈലബിൾ ആയ അച്ഛനും അമ്മയും അനിയനും അവളുടെ മാനസികാരോഗ്യത്തെയും സാരമായി ബാധിക്കുന്നുണ്ട്. ജീവിതത്തിൽ അപ്രതീക്ഷിതമായുണ്ടാവുന്ന ഒരു സാഹചര്യത്തിൽ സാറയും അഭിയും തമ്മിലുള്ള ബന്ധത്തിലും ചില ഉലച്ചിലുകൾ സംഭവിക്കുന്നു. പക്ഷെ അവർ അത് കൈകാര്യം ചെയ്യുന്ന രീതിയാണ് ഖിഡ്കി ഗാവ് എന്ന സിനിമയെ മനോഹരമാക്കുന്നത്. ഡൽഹിയുടെ വിറയ്ക്കുന്ന തണുപ്പിലും അവർ പരസ്പരം ചേർത്തുപിടിച്ചുകൊണ്ട് മുന്നോട്ട് തന്നെ പോകുന്നു. സാറയുടെയും അഭിയുടെയും വീട്ടുടമസ്ഥരുടെ മനോഭാവത്തിൽ സാമൂഹിക അസമത്വത്തിന്റെ അംശങ്ങൾ പ്രകടമായി തന്നെ കാണാൻ കഴിയും. അതേസമയം ഡൽഹിയിലെ അടിസ്ഥാനവർഗ്ഗ മനുഷ്യരിലേക്കും സംവിധായകൻ പ്രേക്ഷകരുടെ കാഴ്ചയെ കൊണ്ടുപോവുന്നുണ്ട്.

ആഴമുള്ള കഥാപാത്രങ്ങളും ജീവിതവും

ഒരു വലിയ നഗരത്തിൽ വീട് എന്ന സങ്കൽപം നൽകുന്ന സുരക്ഷയും സോഷ്യൽ പ്രിവിലേജിനെ പറ്റിയും സിനിമ ചർച്ച ചെയ്യുന്നു. ചിത്രത്തിലെ മറ്റൊരു കഥാപാത്രമായ സൈമൺ കൃത്യമായും ഐഡന്റിറ്റി ക്രൈസിലൂടെ കടന്നുപോകുന്ന വ്യക്തിയാണ്. റൂഫ് ടോപ്പിൽ കൂട്ടുകാർക്കൊപ്പം റൂം ഷെയർ ചെയ്യുന്ന ഒരപ്പാർട്ട്മെന്റിലാണ് അയാൾ കഴിയുന്നത് എന്ന് കാണാൻ കഴിയും. സ്‌ക്രീനിൽ വരുമ്പോഴൊക്കെ പലപ്പോഴും ഒരേയൊരു സ്വെറ്റർ മാത്രമേ അയാൾക്കുള്ളൂ എന്ന് കാണാൻ കഴിയും. ഉപരിവർഗ്ഗ കാമുകിയെ തൃപ്തിപ്പെടുത്താനായി തന്റെ യഥാർത്ഥ സാഹചര്യങ്ങൾ മറച്ചുവെച്ചുകൊണ്ട് പലപ്പോഴും അയാൾക്ക് കള്ളങ്ങൾ പറയേണ്ടി വരുന്നു. 'എനിക്ക് സ്വന്തമായി വീടില്ല' എന്ന അയാളുടെ വൈകാരികമായ സംഭാഷണം അടിസ്ഥാനവർഗ്ഗ മനുഷ്യരുടെ യാഥാർത്ഥ്യങ്ങളിലേക്ക് വിരൽ ചൂണ്ടുന്നതാണ്. ഡൽഹി പോലെയുള്ള മഹാനഗരങ്ങളിൽ മാത്രമല്ല, ലോകത്തിന്റെ എല്ലായിടത്തും മനുഷ്യർ അതിജീവിക്കുന്നത് പ്രതീക്ഷകളിലും നിരാശകളിലുമാണെന്ന് വ്യക്തമാണ്.

ചിത്രത്തിലെ മറ്റൊരു കഥാപാത്രമാണ് ഗോപിക. ആദ്യ കാഴ്ചയിൽ പങ്കാളികളുടെ പ്രൈവസിയിലേക്കുള്ള കടന്നുകയറ്റം പോലെയാണ് ഗോപികയുടെ കഥാപാത്രത്തെ രൂപപ്പെടുത്തിയിരിക്കുന്നത്. എന്നാൽ സിനിമ പുരോഗമിക്കുമ്പോൾ ഗോപികയുടെ ക്യാരക്ടർ ആർകിൽ മാറ്റം വരുന്നത് ആ കഥാപാത്രത്തോടുള്ള പ്രേക്ഷകന്റെ വീക്ഷണത്തെയും മാറ്റിമറിക്കുന്നു. ഗോപികയും ആരതിയും ഡിസ്‍ഫങ്ഷണലായ കുടുംബത്തിന്റെ ഇരകളാണ് എന്നത് വ്യക്തമാണ്. അതവർ പലപ്പോഴും തുറന്നുപറയുന്നുണ്ട്. അത്തരമൊരു കാര്യം ഇരുവരുടെയും ഇടയിലുള്ള സ്നേഹബന്ധത്തെ കൂടി ഊട്ടിയുറപ്പിക്കുന്നുണ്ട്. എന്തുകൊണ്ടാണ് അഭിയേയും സാറയെയും ചേട്ടാ, ചേച്ചി എന്ന് വിളിക്കാൻ

ഗോപിക തലയപ്രായപ്പെടുന്നത് എന്നതിനുള്ള സൂക്ഷമമായ ചില സൂചനകൾ സംവിധായകൻ ഇതിലൂടെ മുന്നോട്ട് വയ്ക്കുന്നു. സാമ്പത്തിക സുരക്ഷിതത്വമില്ലായ്മ യുവജനങ്ങളിൽ എങ്ങനെയാണ് ജീവിതത്തിന്റെ സത്വത്തെ നിർണ്ണയിക്കുന്നതെന്ന വീക്ഷണവും സിനിമ മുന്നോട്ട് വയ്ക്കുന്നു. ഒരിക്കലൂം വീടായി മാറാത്ത നഗരത്തിൽ മനുഷ്യർ അതിജീവിക്കാൻ പൊരുതികൊണ്ടിരിക്കുന്നു. നഗരങ്ങൾ അതിന്റെ വേഗം നിലയ്ക്കാതെ മുന്നോട്ടും കുതിക്കുന്നു.

സിനിമയിൽ പലപ്പോഴും ഡൽഹി ഒരു കഥാപാത്രമായി മാറുന്നുണ്ട്. ഡിസംബറിലെ തണുപ്പ് പ്രേക്ഷകരിലേക്കും പകരുന്ന ദൃശ്യങ്ങളാണ് മനേഷ് മാധവൻ ചിത്രത്തിലൊരുക്കിയിരിക്കുന്നത്. അഭിയുടെയും സാറയുടെയും ഇന്റിമസിയുടെ ക്ലോസപ്പ് ഷോട്ടുകൾ മനോഹരമാണ്. അഭിയായി വേഷമിട്ട റോഷൻ, സാറയായി എത്തിയ ഭാനുപ്രിയ, സൈമൺ ആയി എത്തിയ ജിതേഷ്, ഗോപിക എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ആരതി എന്നിവരുടെ മികച്ച പ്രകടനം തന്നെയാണ് സിനിമയെ മനോഹരമാക്കുന്നത്. ഐഎഫ്എഫ്കെ അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ പ്രദർശിപ്പിച്ച ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ബുസാൻ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിച്ച ചിത്രത്തിന് മേളയിലെ ഹൈലൈഫ് വിഷൻ അവാർഡും ലഭിച്ചിരുന്നു.