സ്ത്രീപക്ഷ രാഷ്ട്രീയം ഫോഴ്സ്ഡ് അല്ലാതെ അവതരിപ്പിക്കുന്നു എന്നതാണ് യെന്‍ ആന്‍ഡ് ഐ-ലീയുടെ മനോഹാരിത

തായ്വാനീസ് സംവിധായകന്‍ ടോം ലിന്‍ ഷൂ-യുവിന്‍റെ രചനയിലും സംവിധാനത്തിലും എത്തിയിരിക്കുന്ന ചിത്രമാണ് ഐഎഫ്എഫ്കെ മത്സരവിഭാഗത്തിലുള്ള യെന്‍ ആന്‍ഡ് ഐ-ലീ. യെന്‍ എന്ന മകളുടെയും ഐലീ എന്ന അമ്മയുടെയും കഥയിലൂടെ മനുഷ്യജീവിതത്തിന്‍റെ ചില പരുക്കന്‍ യാഥാര്‍ഥ്യങ്ങളിലൂടെ നമ്മെ കൊണ്ടുപോവുകയാണ് സംവിധായകന്‍. സംഘര്‍ഷങ്ങള്‍ക്കൊടുവില്‍ എത്തിച്ചേരേണ്ട സഹവര്‍തിത്വത്തിലേക്കുള്ള കാരുണ്യത്തിന്‍റെ പൗരസ്ത്യമായ ഒരു വഴിയിലേക്കും ചിത്രം വെളിച്ചം വീശുന്നു. ബുസാന്‍ ചലച്ചിത്രോത്സവത്തില്‍ പ്രീമിയര്‍ ചെയ്യപ്പെട്ട ഈ ചിത്രം പൂര്‍ണ്ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റിലാണ്. ഇന്ത്യന്‍ ഛായാഗ്രാഹകന്‍ കാര്‍ത്തിക് വിജയ് ആണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍ എന്നതും കൗതുകം.

പിതൃഹത്യയുടെ ഉച്ചാടനം ചെയ്യാനാവാത്ത കനത്ത ഭാരം ഉള്ളില്‍ പേറി നടക്കുന്ന ആളാണ് യെന്‍. എന്നാല്‍ അതില്‍ പാപബോധമല്ല അവര്‍ക്ക്, മറിച്ച് ജീവിതത്തിലെ ഏറ്റവും സജീവമാവേണ്ടിയിരുന്ന എട്ട് വര്‍ഷങ്ങള്‍ തനിക്ക് നഷ്ടപ്പെട്ടല്ലോയെന്ന ചിന്തയാണ് അവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നത്. എട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് യെന്‍ ആ കുറ്റകൃത്യം ചെയ്ത രാത്രിയിലെ ഒരു നീളന്‍ സ്റ്റാറ്റിക് ഷോട്ടിലാണ് ചിത്രം ആരംഭിക്കുന്നത്. പിന്നീട് ജയില്‍ശിക്ഷ പൂര്‍ത്തിയാക്കിയതിന് ശേഷം പുറത്തിറങ്ങിയ യെന്നിനെ ക്യാമറ പിന്തുടരുന്നു. അമ്മ ഐലീയുടെ അടുത്തേക്കാണ് അവള്‍ മടങ്ങിയെത്തുന്നത്. ആര്‍ക്കുവേണ്ടിയാണോ ആ ക്രൈം ചെയ്യേണ്ടിവന്നത്, ആ അമ്മയ്ക്ക് തന്നെ പക്ഷേ യെന്നിന്‍റെ പ്രവര്‍ത്തിയില്‍ വിയോജിപ്പുണ്ട്. തന്‍റെ അര്‍ധസഹോദരനായ വെയ് എന്ന ബാലനെ പിതാവുമായി ബന്ധമുണ്ടായിരുന്ന മറ്റൊരു സ്ത്രീ ഒരു മാസത്തേക്കെന്ന് പറഞ്ഞ് യെന്നിനെ ഏല്‍പ്പിക്കാനും ശ്രമിക്കുന്നു. എട്ട് വര്‍ഷം നീണ്ട ജയില്‍ശിക്ഷയ്ക്ക് ശേഷം പുറത്തിറങ്ങിയ യെന്നിന് സ്വയം ഒന്ന് അടുക്കേണ്ടതുണ്ട്. അതിലും പ്രധാനമായി ഉറഞ്ഞുപോയ വൈകാരിക ഭാരങ്ങളില്‍ നിന്നും വിടുതല്‍ നേടുകയും വേണം. അതിനൊന്നും അനുവദിക്കാത്തതാണ് നിലവിലെ സാഹചര്യം. ഈ പ്രതിസന്ധിഘട്ടത്തില്‍ നിന്നുള്ള യെന്നിന്‍റെ മുന്നോട്ടുപോക്കാണ് യെന്‍ ആന്‍ഡ് ഐ-ലീ ദൃശ്യവത്കരിക്കുന്നത്.

ജീവിക്കാന്‍ വരുമാനം നല്‍കുന്ന ഒരു ജോലിയാണ് അവര്‍ക്ക് ആദ്യം വേണ്ടത്. ഒപ്പം ഓര്‍ക്കാന്‍ പോലും ഇഷ്ടപ്പെടാത്ത ക്ലേശകരമായ ഭൂതകാല ഓര്‍മ്മകളില്‍ നിന്നുള്ള മോചനവും. യെന്നിനെയും ഐലീയെയും വെയ്‍യെയുമൊക്കെ ആദ്യ കാഴ്ചയില്‍ തന്നെ രജിസ്റ്റര്‍ ചെയ്യാന്‍ സംവിധായകന് സാധിച്ചിട്ടുണ്ട്. മികച്ച അഭിനേതാക്കളുടെ കാസ്റ്റിംഗ് ആണ് പ്രധാന കഥാപാത്രങ്ങള്‍ക്കൊക്കെയും. എന്നാല്‍ ഡ്രാമയ്ക്കുള്ള സാധ്യതകള്‍ ഉള്ള കഥയെ എത് പൂര്‍ണ്ണമായും ഒഴിവാക്കിയാണ് സംവിധായകന്‍ പരിചരിച്ചിരിക്കുന്നത്. മെലോഡ്രാമ ഒഴിവാക്കിയത് മികച്ച തീരുമാനമാണെങ്കിലും നാടകീയമായ മുഹൂര്‍ത്തങ്ങളുടെ സാധ്യതകള്‍ ഒട്ടും ഉപയോഗിക്കാത്തത് കഥാപാത്രങ്ങളുമായി പ്രേക്ഷകര്‍ക്ക് ഉണ്ടാവേണ്ട കണക്ഷനെ തെല്ല് ബാധിക്കുന്നുണ്ട്.

സ്ത്രീപക്ഷ രാഷ്ട്രീയം ഫോഴ്സ്ഡ് അല്ലാതെ അവതരിപ്പിക്കുന്നു എന്നതാണ് യെന്‍ ആന്‍ഡ് ഐ-ലീയുടെ ഒരു മനോഹാരിത. എതിരഭിപ്രായങ്ങള്‍ എപ്പോഴും കൊണ്ടുനടന്നിരുന്ന അമ്മയും മകളും ചിത്രത്തിന്‍റെ ഒടുവില്‍ എത്തിച്ചേരുന്ന ചില തിരിച്ചറിവുകളുണ്ട്. സ്ത്രീ എന്ന നിലയിലുള്ള അനുഭവങ്ങളിലൂടെ പരസ്പരം മനസിലാക്കിയുള്ള സ്വാഭാവികമായ ഐക്യപ്പെടലാണ് അത്. ഒപ്പം കഠിന അനുഭവങ്ങളിലൂടെ മറയ്ക്കപ്പെട്ടിരുന്ന, കണ്ടുമുട്ടാന്‍ പോലും താന്‍ ആഗ്രഹിക്കാത്ത, തന്‍റെ യഥാര്‍ഥ സ്വത്വത്തിലേക്ക് യെന്‍ എത്തിച്ചേരുകയും ചെയ്യുന്നു. കാര്‍ത്തിക് വിജയ്‍യുടെ ഛായാഗ്രഹണം ചിത്രത്തിന്‍റെ ഒരു പ്ലസ് ആണ്. ബ്ലാക്ക് ആന്‍ഡ് വൈറ്റ് എന്ന സംവിധായകന്‍റെ തീരുമാനം ചിത്രത്തിന്‍റെ വൈകാരികത തലത്തെ ഊഷ്മളമാക്കി ഉടനീളം നിലനിര്‍ത്തുന്നുണ്ട്.

Asianet News Live | Malayalam News Live | Live Breaking News l Kerala News | Live News Streaming