തങ്ങള്‍ക്ക് രോഗം പിടിപെടില്ലെന്ന ആത്മവിശ്വാസം വലിയ തോതില്‍ യുവാക്കളിലുണ്ടായി എന്നും, അത് മൂലം കൊവിഡ് പ്രതിരോധത്തിനായി സ്വീകരിച്ചിരിക്കുന്ന മാര്‍ഗങ്ങളില്‍ പലതും അവര്‍ ഗൗരവമായി എടുത്തില്ലെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു. മാസ്‌ക് ധരിക്കുമെങ്കിലും സാമൂഹികാകലം പാലിക്കാതിരിക്കുകയും അനാവശ്യമായി യാത്രകള്‍ നടത്തുകയും ചെയ്തതാണ് യുവാക്കള്‍ക്കിടയില്‍ രോഗവ്യാപനം ശക്തമാക്കിയതെന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു

പ്രായമായവരിലും ആരോഗ്യപ്രശ്‌നങ്ങളുള്ളവരിലുമാണ് കൊവിഡ് 19 ഏറ്റവുമെളുപ്പം പിടിപെടുകയെന്നും, അവരില്‍ തന്നെയാണ് രോഗം കൂടുതല്‍ സങ്കീര്‍ണമാവുകെന്നും ആദ്യം മുതല്‍ തന്നെ വിവിധ പഠനങ്ങളും വിദഗ്ധരും ആവര്‍ത്തിച്ചുപറഞ്ഞിരുന്നു. എന്നാല്‍ ഈ വിഭാഗത്തില്‍ പെടുന്നവരില്‍ മാത്രമേ കൊവിഡ് പ്രശ്‌നമുണ്ടാക്കൂ എന്ന അര്‍ത്ഥം തീര്‍ച്ചയായും ഈ മുന്നറിയിപ്പുകള്‍ക്കില്ലായിരുന്നു. 

അതേസമയം യുവാക്കള്‍ ഇത്തരത്തിലുള്ള വിശദീകരണങ്ങള്‍, കൊവിഡ് 19 എന്ന മഹാമാരിയെ നിസാരവത്കരിക്കുന്നതിനായി ഉപയോഗിച്ചു എന്നുവേണം കരുതാന്‍. അത്തരത്തിലുള്ള കണക്കുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. 

കഴിഞ്ഞ അഞ്ച് മാസത്തെ സ്ഥിതിഗതികള്‍ വിലയിരുത്തുമ്പോള്‍ ലോകത്താകമാനം കൊവിഡ് ബാധിക്കുന്ന യുവാക്കളുടെ എണ്ണം മൂന്ന് മടങ്ങായി ഉയര്‍ന്നിരിക്കുന്നു എന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. 15 മുതല്‍ 24 വയസ് വരെ പ്രായമുള്ളവരില്‍ 4.5 ശതമാനമായിരുന്നു രോഗത്തിന്റെ തോത് എങ്കില്‍, ഇപ്പോഴത് 15 ശതമാനത്തിലെത്തി നില്‍ക്കുന്നുവെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക് ചൂണ്ടിക്കാട്ടുന്നത്. 

തങ്ങള്‍ക്ക് രോഗം പിടിപെടില്ലെന്ന ആത്മവിശ്വാസം വലിയ തോതില്‍ യുവാക്കളിലുണ്ടായി എന്നും, അത് മൂലം കൊവിഡ് പ്രതിരോധത്തിനായി സ്വീകരിച്ചിരിക്കുന്ന മാര്‍ഗങ്ങളില്‍ പലതും അവര്‍ ഗൗരവമായി എടുത്തില്ലെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു. മാസ്‌ക് ധരിക്കുമെങ്കിലും സാമൂഹികാകലം പാലിക്കാതിരിക്കുകയും അനാവശ്യമായി യാത്രകള്‍ നടത്തുകയും ചെയ്തതാണ് യുവാക്കള്‍ക്കിടയില്‍ രോഗവ്യാപനം ശക്തമാക്കിയതെന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു. 

'യുവാക്കള്‍ കൊവിഡിന് അതീതരല്ല. അവര്‍ക്കും രോഗം വരാം. മരണം സംഭവിക്കാം. മറ്റുള്ളവരിലേക്ക് രോഗം എത്തിക്കുകയും ചെയ്യാം. ഞങ്ങളിത് മുമ്പും പറഞ്ഞതാണ്, ഇപ്പോഴും പറയുന്നു, ഇനിയും പറയും...'- ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അഥനോം പറയുന്നു. 

പല രാജ്യങ്ങളും കൊവിഡിന്റെ രണ്ടാം വരവിന്റെ സൂചനകളില്‍ ആശങ്കപ്പെട്ടിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇതിനിടെ യുവാക്കളുടെ അലസമായ സമീപനം കൂടുതല്‍ പ്രതിസന്ധി സൃഷ്ടിച്ചേക്കുമോ എന്ന ഉത്കണ്ഠയും വിദഗ്ധര്‍ പങ്കുവയ്ക്കുന്നുണ്ട്.

Also Read:- ചൈനയില്‍ മറ്റൊരു വൈറസ് കൂടി; ചെള്ള് പരത്തുന്ന രോഗം ബാധിച്ച് 7 മരണം...