റിയാസ് മാരാത്ത് സംവിധാനം ചെയ്യുന്ന 'അനോമി' എന്ന ചിത്രത്തിലെ 'തീരാ ദൂരം' എന്ന രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. 'അനിമൽ' ഫെയിം ഹർഷവർദ്ധൻ രാമേശ്വർ ആദ്യമായി മലയാളത്തിൽ സംഗീതം നൽകുന്ന ചിത്രമാണിത്. കാർത്തിക് ആലപിച്ച ഗാനം സഹോദരബന്ധത്തിന്റെ തീവ്രത പറയുന്നു.

റിയാസ് മാരാത്ത് രചനയും സംവിധാനവും നിർവ്വഹിക്കുന്ന 'അനോമി' (Anomie - The Equation of Death)യിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. ‘തീരാ ദൂരം’ എന്ന ​ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. പ്രമുഖ മ്യൂസിക് ലേബലായ ടി-സീരീസിലൂടെയാണ് ഗാനം പ്രേക്ഷകരിലേക്ക് എത്തിയത്. പ്രശസ്ത തെന്നിന്ത്യൻ ഗായകൻ കാർത്തിക് ആലപിച്ച ഈ മനോഹര ഗാനത്തിന് വരികൾ ഒരുക്കിയിരിക്കുന്നത് വിനായക് ശശികുമാറാണ്.

'അർജുൻ റെഡ്ഡി', 'അനിമൽ' എന്നീ ചിത്രങ്ങളിലൂടെ ഇന്ത്യൻ സിനിമയിൽ സംഗീത വിസ്മയം തീർത്ത ഹർഷവർദ്ധൻ രാമേശ്വർ ആദ്യമായി മലയാളത്തിൽ സംഗീത സംവിധാനം നിർവ്വഹിക്കുന്ന ചിത്രം എന്ന പ്രത്യേകതയും അനോമിക്കുണ്ട്. ഒരു റോഡ് ട്രിപ്പിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ഈ 'ട്രാവൽ സോങ്ങ്' സഹോദരങ്ങളായ സാറയും സിയാനും തമ്മിലുള്ള ആഴമേറിയ ബന്ധത്തെയും അവർ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങളെയും അതിജീവിക്കാനുള്ള ശ്രമങ്ങളെയും അടയാളപ്പെടുത്തുന്നു.

ഭാവനയും റഹ്മാനും പ്രധാന വേഷങ്ങളിലെത്തുന്ന ഈ ക്രൈം ത്രില്ലറിൽ ഷെബിൻ ബെൻസൺ, വിഷ്ണു അഗസ്ത്യ, ബിനു പപ്പു, അർജുൻ ലാൽ, ദൃശ്യ രഘുനാഥ് തുടങ്ങിയ വലിയ താരനിര അണിനിരക്കുന്നു. ഹോളിവുഡ് ചിത്രങ്ങളിൽ ഉപയോഗിക്കുന്ന 'സൗണ്ട് പാർട്ടിക്കിൾസ്' എന്ന അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ആദ്യ ഇന്ത്യൻ സിനിമ എന്ന ഖ്യാതിയോടെ എത്തുന്ന അനോമി ഫെബ്രുവരി 6-ന് തിയേറ്ററുകളിൽ എത്തും.

Theera Dhooram Video | Anomie | Bhavana | Shebin | Harshavardhan Rameshwar | Karthik | Riyas M

ഗുൽഷൻ കുമാർ, ഭൂഷൺ കുമാർ, ടി സീരീസ് ഫിലിംസ്, പനോരമ സ്റ്റുഡിയോസ് എന്നിവർ അവതരിപ്പിക്കുന്ന ചിത്രം നിർമ്മിക്കുന്നത് കുമാർ മംഗത് പഥക്, അഭിഷേക് പഥക് എന്നിവരാണ്. കോൺഫിഡൻ്റ് ഗ്രൂപ്പ് ചെയർമാൻ ഡോ.റോയ് സി.ജെ, ബ്ലിറ്റ്സ്ക്രീഗ് ഫിലിംസ്, എ.പി.കെ സിനിമ എന്നിവരും ഭാവന ഫിലിം പ്രൊഡക്ഷൻസിന്റെ ബാനറിൽ നായിക ഭാവനയും നിർമ്മാണ പങ്കാളിയാണ്.

ഛായാഗ്രഹണ വിഭാഗം സുജിത് സാരംഗും, ചിത്രസംയോജനം കിരൺ ദാസും നിർവഹിക്കുന്നു. ആക്ഷൻ ഡയറക്റ്റർ: ആക്ഷൻ സന്തോഷ്, വസ്ത്രാലങ്കാരം: സമീറ സനീഷ്, പബ്ലിസിറ്റി ഡിസൈൻസ്: യെല്ലോടൂത്ത്, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്റ് എൽ.എൽ.പി, പി.ആർ.ഓ അപർണ ഗിരീഷ്.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming