സംഗീതസംവിധായകൻ എ ആർ റഹ്മാനും 'പൊന്നിയിൻ സെൽവൻ 2' എന്ന സിനിമയുടെ നിർമ്മാതാക്കൾക്കും എതിരായ പകർപ്പവകാശ കേസിൽ ഇടക്കാല ഉത്തരവ് ഡൽഹി ഹൈക്കോടതി സ്റ്റേ ചെയ്തു. 

ദില്ലി: സംഗീതസംവിധായകൻ എ ആർ റഹ്മാനും 'പൊന്നിയിൻ സെൽവൻ 2' എന്ന സിനിമയുടെ നിർമ്മാതാക്കൾക്കും എതിരായ പകർപ്പവകാശ കേസിൽ ഇടക്കാല ഉത്തരവ് ഡൽഹി ഹൈക്കോടതി ചൊവ്വാഴ്ച സ്റ്റേ ചെയ്തു.

ജസ്റ്റിസുമാരായ സി ഹരി ശങ്കർ, അജയ് ദിഗ്പോൾ എന്നിവരടങ്ങിയ ബെഞ്ച്. സിംഗിൾ ജഡ്ജിയുടെ നിർദ്ദേശപ്രകാരം റഹ്മാനും സിനിമയുടെ നിർമ്മാതാക്കളും 10 ദിവസത്തിനുള്ളിൽ രജിസ്ട്രിയിൽ 2 കോടി രൂപ നിക്ഷേപിക്കണമെന്ന് ഉത്തരവിട്ടിരുന്നു. ഈ വിധിയാണ് സ്റ്റേ ചെയ്തത്. 

ഏപ്രിൽ 25 ന് ഇടക്കാല ഉത്തരവിൽ ജൂനിയർ ഡാഗർ സഹോദരന്മാരായ പരേതരായ ഉസ്താദ് എൻ ഫയാസുദ്ദീൻ ഡാഗർ, ഉസ്താദ് സാഹിറുദ്ദീൻ ഡാഗർ എന്നിവർക്ക് രചനയ്ക്ക് അർഹമായ ക്രെഡിറ്റ് നൽകുന്നതിനായി എല്ലാ ഒടിടി, ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും സിനിമയുടെ ഒരു സ്ലൈഡ് ചേർക്കാൻ ഹൈക്കോടതി സിംഗിൾ ജഡ്ജി ഉത്തരവിട്ടിരുന്നു.

ഈ നിർദ്ദേശവും ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു.  സിംഗിൾ ജഡ്ജിയുടെ ഉത്തരവ് ചോദ്യം ചെയ്തുള്ള റഹ്മാന്‍റെ ഹര്‍ജിയിലാണ് ഉത്തരവ്. കേസില്‍ വിശദവാദം മെയ് 23 ന് കേള്‍ക്കും.  റഹ്മാനും ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍ക്കെതിരെയും കേസ് നല്‍കിയത് ഗായകനും പത്മശ്രീ അവാർഡ് ജേതാവുമായ ഉസ്താദ് ഫയാസ് വാസിഫുദ്ദീൻ ഡാഗറാണ്. ഇദ്ദേഹത്തിന് കോടതി ചിലവായി 2 ലക്ഷം രൂപ നല്‍കാനും മുന്‍ വിധിയില്‍ പറഞ്ഞിരുന്നു. 

2023-ൽ പുറത്തിറങ്ങിയ പൊന്നിയിന്‍ സെല്‍വന്‍ 2 ചിത്രത്തിലെ 'വീര രാജ വീര' എന്ന ഗാനം ജൂനിയർ ഡാഗർ സഹോദരന്മാര്‍ എന്ന് അറിയപ്പെടുന്ന അന്തരിച്ച ഉസ്താദ് എൻ. ഫയാസുദ്ദീൻ ഡാഗറും, ഉസ്താദ് സാഹിറുദ്ദീൻ ഡാഗറും ചേർന്ന് രചിച്ച ശിവ സ്തുതി അനധികൃതമായി ഉപയോഗിച്ചുവെന്നാണ് ആരോപണം ഉയര്‍ന്നത്. 

ഈ കേസിൽ ഇപ്പോള്‍ പകര്‍പ്പവാകാശ ലംഘനം നടത്തിയ വീര രാജ വീര എന്ന ഗാനം യഥാര്‍ത്ഥ ഗാനത്തില്‍ നിന്നും അതിന്‍റെ കാതൽ പ്രചോദനം ഉൾക്കൊണ്ടത് മാത്രമല്ല, ഒരു സാധാരണക്കാരന്റെ വീക്ഷണകോണിൽ നിന്ന് നോക്കുമ്പോൾ ഗാനം സ്വരത്തിലും ഭാവത്തിലും എല്ലാം  ശിവ സ്തുതിക്ക് സമാനമാണ്. അതിനാല്‍ തന്നെ  വാദിയുടെ അവകാശങ്ങളെ ലംഘിച്ചിട്ടുണ്ട് എന്നാണ് സിംഗിള്‍ ബെഞ്ച് നേരത്തെ പറഞ്ഞത്. ഇതാണ് ഇപ്പോള്‍ ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തത്. 

1970 കളിൽ ജൂനിയർ ഡാഗർ ബ്രദേഴ്‌സ് എന്നും അറിയപ്പെട്ടിരുന്ന തന്‍റെ അച്ഛനും അമ്മാവനും ചേർന്നാണ് ശിവ സ്തുതി രചന സൃഷ്ടിച്ചത് എന്നാണ് ഉസ്താദ് ഫയാസ് വാസിഫുദ്ദീൻ ഡാഗര്‍  വാദിച്ചത്.  1989 ലും 1994 ലും പിതാവിന്റെയും അമ്മാവന്റെയും മരണശേഷം, നിയമപരമായ അവകാശികൾക്കിടയിൽ ഉണ്ടായ കുടുംബ ഒത്തുതീർപ്പിലൂടെ പകർപ്പവകാശം തനിക്ക് കൈമാറിയതായി അദ്ദേഹം അവകാശപ്പെട്ടു.

തന്റെ അറിവോ അംഗീകാരമോ ഇല്ലാതെയാണ് എആര്‍ റഹ്മാന്‍ ഈ ഗാനം ചിത്രത്തില്‍ ഉപയോഗിച്ചത് എന്നാണ് ഉസ്താദ് ഫയാസ് വാസിഫുദ്ദീൻ ഡാഗര്‍ പറയുന്നത്.