അശ്വിൻ കുമാർ സംവിധാനം ചെയ്ത 'മഹാവതാർ നരസിംഹ' എന്ന അനിമേറ്റഡ് ചലച്ചിത്രം 98-ാമത് അക്കാദമി അവാർഡിന്റെ മികച്ച അനിമേറ്റഡ് ഫീച്ചർ ഫിലിം വിഭാഗത്തിലേക്ക് യോഗ്യത നേടിയിരിക്കുന്നു. പ്രഹ്ലാദന്റെയും നരസിംഹാവതാരത്തിന്റെയും പുരാണ ഇതിവൃത്തം പറയുന്ന ചിത്രം.
അശ്വിന് കുമാറിന്റെ സംവിധാനത്തിൽ റിലീസ് ചെയ്ത് ഏറെ ശ്രദ്ധനേടിയ മഹാവതാർ നരസിംഹയ്ക്ക് ഓസ്കര്‍ യോഗ്യത. 98-ാമത് അക്കാദമി അവാർഡിന്റെ ഔദ്യോഗിക ലിസ്റ്റ് പ്രകാരം മികച്ച അനിമേറ്റഡ് ഫീച്ചൽ ഫിലിം വിഭാഗത്തിൽ ആണ് ചിത്രം മത്സരിക്കുന്നത്. ആര്‍കോ, എലിയോ, സൂട്ടോപ്യ 2, ലിറ്റില്‍ അമീലീ ഓര്‍ദി കാരക്ടര്‍ ഓഫ് റെയിന്‍, ഇന്‍ യുവര്‍ ഡ്രീംസ്, ഡീമന്‍ സ്ലേയര്‍: കിമേറ്റ്‌സു നോ യായ്ബ ഇന്‍ഫിനിറ്റി കാസില്‍, ചെന്‍സോ മാന്‍ - ദി മൂവി: റെസ് ആര്‍ക് തുടങ്ങി മുപ്പത്തി അഞ്ച് ചിത്രങ്ങളാണ് ലിസ്റ്റിലുള്ളത്. നോമിനികളുടെ അന്തിമ പട്ടിക ഡിസംബർ 16ന് പ്രഖ്യാപിക്കും.
അനിമേറ്റഡ് എപിക് മിത്തോളജിക്കല്‍ ആക്ഷന്‍ ജോണറിൽ എത്തിയ ചിത്രമാണ് മഹാവതാർ നരസിംഹ. പ്രഹ്ലാദന്റെ കഥയും നരസിംഹാവതാരത്തിന്റെ ഉദയവുമാണ് ചിത്രം പറയുന്നത്. പ്രഹ്ളാദന്റെ ദിവ്യമായ ഭക്തി, തൻ്റെ പിതാവായ ഹിരണ്യകശിപുവിൻ്റെ ക്രൂരമായ അഹങ്കാരവും സ്വേച്ഛാധിപത്യവുമായി ഏറ്റുമുട്ടുന്ന ഒരു പുരാതന ലോകത്തേക്ക് ഈ കഥ പ്രേക്ഷകരെ കൊണ്ടുപോകുന്നു. വിശ്വാസം അപകടത്തിലാകുമ്പോൾ, നരസിംഹയുടെ ഉഗ്രവും വിസ്മയകരവുമായ രൂപത്തിൽ ദൈവത്വം അവതാരമെടുക്കുന്നു. അധർമ്മത്തിന് മേൽ ധർമ്മത്തിന്റെ ശാശ്വതമായ വിജയത്തെക്കുറിച്ച് ഓർമ്മിപ്പിച്ചുകൊണ്ട് പ്രേക്ഷകരെ ആത്മീയ അനുഭവത്തിന്റെ വിസ്മയകാഴ്ചകളുടെ പരകോടിയിൽ എത്തിക്കുന്ന രീതിയിലാണ് ചിത്രം അവതരിപ്പിക്കുന്നത്.
കന്നഡയ്ക്ക് പുറമെ തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം ഭാഷകളിലും സിനിമ റിലീസ് ചെയ്തിരുന്നു. കന്നഡയാണ് ഒറിജിനലെങ്കിലും ഏറ്റവും കളക്ഷന്‍ വന്നത് ഹിന്ദി, തെലുങ്ക് ഭാഷകളില്‍ നിന്നാണ്. ക്ലീം പ്രൊഡക്ഷന്‍സും കന്നഡയിലെ പ്രമുഖ ബാനര്‍ ആയ ഹൊംബാലെ ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സാം സി എസ് ആണ് ചിത്രത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത്. എഎ ഫിലിംസ് ആണ് ചിത്രത്തിന്‍റെ ഉത്തരേന്ത്യയിലെ വിതരണം. ജയപൂര്‍ണ ദാസ് ആണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ആഗോള ബോക്‌സോഫീസില്‍ 300 കോടിയിലേറെ രൂപയാണ് മഹാവതാര്‍ നരസിംഹ നേടിയത്.


