ജിതിൻ കെ. ജോസ് സംവിധാനം ചെയ്ത 'കളങ്കാവൽ' തിയേറ്ററുകളിൽ മികച്ച വിജയം നേടുന്നു. മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ആഗോളതലത്തിൽ 44 കോടിയിലധികം നേടി. സിനിമയിലെ 'എൻ വൈഗയ്' എന്ന പുതിയ ഗാനവും പുറത്തിറങ്ങി.

തിയറ്ററുകളിൽ മികച്ച പ്രതികരണങ്ങളോടെ പ്രദർശനം തുടരുന്ന കളങ്കാവലിലെ പുതിയ ​ഗാനം റിലീസ് ചെയ്തു. 'എൻ വൈഗയ്' എന്ന് തുടങ്ങുന്ന തമിഴ് ​ഗാനം ആലപിച്ചിരിക്കുന്നത് സ്റ്റാർ സിം​ഗർ താരം ശ്രീരാ​ഗും സിന്ധു ഡെൽസണും ആണ്. വിനായക് ശശികുമാറിന്റെ വരികൾക്ക് സം​ഗീതം നൽകിയത് മുജീബ് മജീദ് ആണ്. വിന്റേജ് തമിഴ് സോം​ഗ് ടച്ചിലിറങ്ങിയ ​ഗാനത്തിന് പ്രശംസ ഏറെയാണ്. ചിത്രത്തിന്റെ കഥയുമായും മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രവുമായും ഏറെ ബന്ധപെട്ടു കിടക്കുന്ന ദൃശ്യങ്ങളിലൂടെയാണ് ഈ ഗാനം സഞ്ചരിക്കുന്നത്. പ്രേക്ഷക- നിരൂപക പ്രശംസകൾ നേടിയ ചിത്രം ആ​ഗോളതലത്തിൽ 44.15 കോടി രൂപയാണ് നേടിയിരിക്കുന്നത്.

മമ്മൂട്ടി, വിനായകൻ എന്നിവർ പ്രധാന വേഷത്തിലെത്തിയ ​കളങ്കാവൽ സംവിധാനം ചെയ്തത് ജിതിൻ കെ. ജോസ് ആണ്. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്ന് തിരക്കഥ രചിച്ച കളങ്കാവൽ, മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിച്ച ഏഴാമത്തെ ചിത്രം കൂടിയാണ്. ദുൽഖർ സൽമാൻ നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം 'കുറുപ്പ്'ന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിൻ കെ ജോസ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് കളങ്കാവൽ. ചിത്രം നേടുന്ന മഹാവിജയത്തിൽ, പ്രേക്ഷകർക്കുള്ള നന്ദി അറിയിച്ചു കൊണ്ട് ചിത്രത്തിലെ നായകനും പ്രതിനായകനുമായ വിനായകനും മമ്മൂട്ടിയും കഴിഞ്ഞ ദിവസം മുന്നോട്ട് വന്നിരുന്നു. മമ്മൂട്ടിയുടെ പ്രതിനായക വേഷത്തിന് ലഭിക്കുന്നത് അഭൂതപൂർവമായ പ്രേക്ഷക - നിരൂപക പ്രശംസയാണ്.

കുപ്രസിദ്ധമായ സയനൈഡ് മോഹൻ കേസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരുക്കിയ ചിത്രം ആദ്യാവസാനം പ്രേക്ഷകരെ ത്രില്ലടിപ്പിച്ചു കൊണ്ടാണ് തകർപ്പൻ വിജയം നേടുന്നത്. ജിബിൻ ഗോപിനാഥ്, ബിജു പപ്പൻ, രെജിഷ വിജയൻ, ഗായത്രി അരുൺ, മാളവിക, ശ്രുതി രാമചന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങൾ. ലോക' ഉൾപ്പെടെയുള്ള മലയാള ചിത്രങ്ങൾ തമിഴ്‌നാട്ടിൽ എത്തിച്ച ഫ്യുച്ചർ റണ്ണപ് ഫിലിംസ് ആണ് ചിത്രം തമിഴ്നാട് വിതരണം ചെയ്തത്. സിതാര എന്റെർറ്റൈന്മെന്റ്സ്, ലൈറ്റർ ബുദ്ധ ഫിലിംസ്, പെൻ മരുധാർ എന്നിവരാണ് ചിത്രം യഥാക്രമം ആന്ധ്ര/ തെലുങ്കാന , കർണാടകം, നോർത്ത് ഇന്ത്യ എന്നിവിടങ്ങളിൽ വിതരണം ചെയ്തിരിക്കുന്നത്.

En Vaighai Song | Kalamkaval | Mammootty | Jithin K Jose | Mujeeb Majeed | MammoottyKampany

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ജോർജ് സെബാസ്റ്റ്യൻ, ഛായാഗ്രഹണം- ഫൈസൽ അലി, സംഗീതം - മുജീബ് മജീദ്, എഡിറ്റർ - പ്രവീൺ പ്രഭാകർ, ലൈൻ പ്രൊഡ്യൂസർ- സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ- അരോമ മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ- ഷാജി നടുവിൽ, ഫൈനൽ മിക്സ് - എം ആർ രാജാകൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ബോസ്, മേക്കപ്പ്- അമൽ ചന്ദ്രൻ, ജോർജ് സെബാസ്റ്റ്യൻ, വസ്ത്രാലങ്കാരം- അഭിജിത്ത് സി, വരികൾ - വിനായക് ശശികുമാർ, ഹരിത ഹരി ബാബു, കളറിസ്റ്റ് - ലിജു പ്രഭാകർ, സംഘട്ടനം - ആക്ഷൻ സന്തോഷ്, സൗണ്ട് ഡിസൈൻ - കിഷൻ മോഹൻ, വിഎഫ്എക്സ് സൂപ്പർവൈസർ - എസ് സന്തോഷ് രാജു, വിഎഫ്എക്സ് കോഓർഡിനേറ്റർ - ഡിക്സൻ പി ജോ, വിഎഫ്എക്സ് - വിശ്വ എഫ് എക്സ്, സിങ്ക് സൗണ്ട് - സപ്ത റെക്കോർഡ്സ്, സ്റ്റിൽസ്- നിദാദ്, ടൈറ്റിൽ ഡിസൈൻ - ആഷിഫ് സലീം, പബ്ലിസിറ്റി ഡിസൈൻസ്- ആൻ്റണി സ്റ്റീഫൻ, ആഷിഫ് സലീം, ഡിജിറ്റൽ മാർക്കറ്റിംഗ്- വിഷ്ണു സുഗതൻ, ഓവർസീസ് ഡിസ്ട്രിബൂഷൻ പാർട്ണർ- ട്രൂത് ഗ്ലോബൽ ഫിലിംസ്, പിആർഓ - വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്