സുരേഷ് ഗോപിയുടെ കരിയറിലെ 253-ാം ചിത്രമാണ് ഇത്

പാപ്പന്‍റെ വന്‍ വിജയത്തിനു ശേഷം സുരേഷ് ഗോപിയുടേതായി തിയറ്ററുകളില്‍ എത്താനൊരുങ്ങുന്ന ചിത്രമാണ് മേ ഹൂം മൂസ. ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ഒരു ഗാനം അണിയറക്കാര്‍ പുറത്തുവിട്ടു. ആരമ്പ തേനിമ്പ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് റഫീഖ് അഹമ്മദ് ആണ്. സംഗീതം ശ്രീനാഥ് ശിവശങ്കരന്‍. മധു ബാലകൃഷ്ണന്‍ ആണ് ആലപിച്ചിരിക്കുന്നത്.

സുരേഷ് ഗോപിയുടെ കരിയറിലെ 253-ാം ചിത്രമാണ് ഇത്. ചില യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ള ചിത്രത്തില്‍ സമകാലിക ഇന്ത്യന്‍ അവസ്ഥകള്‍ കടന്നുവരുമെന്ന് സംവിധായകന്‍ നേരത്തെ പറഞ്ഞിരുന്നു. 1998 മുതല് 2018 വരെയുള്ള കാലഘട്ടമാണ് സിനിമയുടെ കഥാപശ്ചാത്തലം. തന്‍റെ മുന്‍ ചിത്രങ്ങളിലേതുപോലെ നര്‍മ്മത്തിന്‍റെ മേമ്പൊടി ഉണ്ടെങ്കിലും ഗൌരവമുള്ള വിഷയമാണ് ചിത്രം സംസാരിക്കുന്നതെന്നും ജിബു ജേക്കബ് അറിയിച്ചിരുന്നു. 

ALSO READ : ദുല്‍ഖറിന് കൈയടിച്ച് ബോളിവുഡ് പ്രേക്ഷകര്‍; വന്‍ മൗത്ത് പബ്ലിസിറ്റി നേടി 'സീതാ രാമം' ഹിന്ദി പതിപ്പ്

ജോണി ആന്റണി, സൈജു കുറുപ്പ്, ഹരീഷ് കണാരൻ, മേജര്‍ രവി, മിഥുൻ രമേശ്, ശശാങ്കന്‍ മയ്യനാട്, കണ്ണന്‍ സാഗർ, അശ്വിനി, സരൺ, ജിജിന, ശ്രിന്ദ തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. കോൺഫിഡന്റ് ഗ്രൂപ്പിന്‍റെയും തോമസ്സ് തിരുവല്ല ഫിലിംസിന്റെയും ബാനറുകളില്‍ ഡോ. സി ജെ റോയ്, തോമസ് തിരുവല്ല എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്ണു നാരായണൻ നിർവ്വഹിക്കുന്നു. തിരക്കഥ റൂബേഷ് റെയിന്‍, ഗാനരചന സജ്ജാദ്, റഫീഖ് അഹമ്മദ്, ബി കെ ഹരിനാരായണന്‍, സംഗീതം ശ്രീനാഥ് ശിവശങ്കരന്‍, എഡിറ്റിംഗ് സൂരജ് ഇ എസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളർ സജീവ് ചന്തിരൂര്‍, കലാസംവിധാനം സജിത്ത് ശിവഗംഗ, വസ്ത്രാലങ്കാരം നിസാര്‍ റഹ്‍മത്ത്, മേക്കപ്പ് പ്രദീപ് രംഗന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടർ രാജേഷ് ഭാസ്‌കര്‍, അസോസിയേറ്റ് ഡയറക്ടർ ഷബില്‍, സിന്റോ, ബോബി, സ്റ്റില്‍സ് അജിത് വി ശങ്കര്‍, ഡിസൈനർ ഏയ്സ്തെറ്റിക് കുഞ്ഞമ്മ. സെപ്റ്റംബർ 30 ന് ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ ചിത്രം പ്രദര്‍ശനത്തിനെത്തും. പിആർഒ എ എസ് ദിനേശ്.

Aaramba Thenimba - Lyric Video | Mei Hoom Moosa | Suresh Gopi | Jibu Jacob | Sreenath